കോഴിക്കോട്: മനോരോഗം ഭേദമായിട്ടും പതിച്ചുകിട്ടിയ വിളിപ്പേരുകളിൽനിന്ന് മുക്തി നേടാനാകാതെ, ജീവിതത്തിെൻറ നിറങ്ങളിൽ നിന്നെല്ലാം ഓടി ഒളിക്കേണ്ടി വന്ന ചിലരുണ്ട് നമുക്ക് ചുറ്റും. മറക്കാനാഗ്രഹിക്കുന്ന ഇന്നലെകളുടെ ഓർമക്കൂടുകൾ പൊളിച്ച് ജീവിതത്തിൽ പുതുനിറങ്ങൾ ചാലിക്കുകയാണ് സാമൂഹികക്ഷേമ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ആശാഭവനിലെ ഒരു കൂട്ടം സ്ത്രീകൾ. കോവിഡ് പ്രതിസന്ധികൾക്കിടയിലും മാസ്ക്കുകൾ മുതൽ ടെഡിബിയറുകൾ വരെ ഇവരുടെ കരവിരുതിൽ ഒരുങ്ങിയിട്ടുണ്ട്. കോട്ടൺ മാസ്ക്കുകൾ, പാവക്കുട്ടികൾ, മാറ്റുകൾ, പേപ്പർ പെൻ, പേപ്പർ കവറുകൾ, മെഡിസിൻ കവറുകൾ, തുണിസഞ്ചികൾ, ആഭരണങ്ങൾ തുടങ്ങിയവയാണ് ഇവിടത്തെ അന്തേവാസികൾ നിർമിക്കുന്നത്. ഇവർക്ക് പരിശീലനവും നിർദേശങ്ങളും നൽകാനായി ഇൻസ്ട്രക്ടറും ആശാഭവനിൽ ഉണ്ട്.
രോഗം ഭേദമായവരുടെ പുനരധിവാസ കേന്ദ്രമായ ആശാഭവനിൽ 18 മുതൽ 80 വയസ്സുവരെയുള്ള 74 സ്ത്രീകളാണ് അന്തേവാസികളായുള്ളത്. 2009 മുതൽ ഇത്തരം ഉൽപന്നങ്ങൾ ഇവർ നിർമിച്ച് തുടങ്ങിയിരുന്നു. ജില്ലയിൽ നടക്കുന്ന പ്രദർശനങ്ങളിലെല്ലാം ജില്ല ഭരണകൂടത്തി െൻറ സഹായത്തോടെ സ്റ്റാൾ സജ്ജീകരിച്ചായിരുന്നു ഉൽപന്നങ്ങളുടെ വിൽപന. കോവിഡ് കാലമായപ്പോൾ പ്രദർശനങ്ങൾ നിലച്ചതോടെ വിൽപനക്ക് അവസരമില്ലാതായി. മെഡിസിൻ കവറുകൾ ഇംഹാൻസിൽ ഉപയോഗിക്കാറുണ്ട്. പേപ്പർ ബാഗുകൾ ഷോപ്പുടമകളും വാങ്ങിക്കാറുണ്ട്. എന്നാൽ ഇപ്പോൾ ഷോപ്പുകൾ തുറക്കാത്തതിനാൽ നിർമിച്ച കവറുകൾ വിറ്റ് പോയിട്ടില്ല. ഉൽപന്നങ്ങൾ നിർമിക്കുന്നതിനുള്ള അസംസ്കൃത വസ്തുക്കളും ലഭിക്കുന്നില്ല. അതുകൊണ്ട് തന്നെ നിർമാണ പ്രവർത്തനങ്ങൾ നിലച്ചിരിക്കുകയാണ്. ഉള്ളവ വിറ്റുപോയിട്ടില്ലെന്നും ആശാ ഭവൻ അധികൃതർ പറയുന്നു.
രോഗം ഭേദമായിട്ടും സമൂഹവും കുടുംബവും അകറ്റിനിർത്തുന്നതി െൻറ വേദന മറക്കുന്നത് ഇത്തരം പ്രവർത്തനങ്ങളിലൂടെയാണ്. ലീഗൽ സർവിസ് അതോറിറ്റിയുടെ നേതൃത്വത്തിൽ അദാലത്ത് സംഘടിപ്പിച്ച് ബന്ധുക്കളെ കണ്ടെത്താറുണ്ടെന്നും ചുരുക്കം ചിലർ മാത്രമേ ഇവരെ ഏറ്റെടുക്കാൻ തയാറാകുന്നുള്ളൂവെന്നും അധികൃതർ പറയുന്നു. കോവിഡായതോടെ അദാലത്തും നിലച്ചു. ഈ വിഷമങ്ങളെല്ലാം മറന്ന് നല്ല നാളയെ തിരിച്ചു പിടിക്കാനുള്ള കഠിനപ്രയത്നത്തിലാണ് ഇവിടത്തെ ഓരോ അന്തേവാസിയും.
ഉൽപന്നങ്ങൾ വിറ്റുകിട്ടുന്ന തുക ഇവ നിർമിച്ചവരുടെ പേരിൽ അക്കൗണ്ടിൽ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. അവർക്ക് എന്തെങ്കിലും പ്രത്യേക ആവശ്യമുണ്ടെങ്കിൽ ആ തുക ഉപയോഗിച്ച് വാങ്ങി നൽകും. ഇല്ലെങ്കിൽ അവരെ ബന്ധുക്കൾ കൊണ്ടുപോകുമ്പോൾ അക്കൗണ്ടിലെ തുക പിൻവലിച്ച് നൽകുമെന്നും ആശാ ഭവൻ അധികൃതർ പറഞ്ഞു. ഇവർ നിർമിച്ച സാധനങ്ങൾ വാങ്ങാൻ താൽപര്യമുള്ളവർ 04952358876 എന്ന നമ്പറിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.