കോഴിക്കോട്: വന്ദേ ഭാരത് പോലുള്ള ആഡംബര സർവിസുകൾ ആരംഭിച്ച് ലാഭം വർധിപ്പിക്കുകയും സമ്പന്ന ജനവിഭാഗത്തിന്റെ കൈയടി നേടുകയുംചെയ്യുന്ന റെയിൽവേ സാധാരണക്കാരനെ പെരുവഴിയിലാക്കുന്നു. സ്ഥിരംയാത്രക്കാരുടെ പ്രധാന ആശ്രയമായിരുന്ന പാസഞ്ചർ ട്രെയിൻ സർവിസുകൾ നിർത്തലാക്കിയതും ചിലത് സമയക്രമം മാറ്റിയതുമാണ് മലബാറിലെ യാത്രദുരിതം വർധിപ്പിക്കുന്നത്.
കോവിഡിനു ശേഷം ലോക്കൽ സർവിസുകൾ പുനരാരംഭിച്ചിട്ടില്ല. കോവിഡിനുശേഷം ട്രെയിനുകൾ പുനരാരംഭിച്ചപ്പോൾ പാസഞ്ചർ ട്രെയിനുകൾ ‘സ്പെഷ്യൽ എക്സ്പ്രസ്’ ആക്കി മാറ്റുകയും എക്സ്പ്രസ് ടിക്കറ്റ് നിരക്ക് ഈടാക്കുകയുമായിരുന്നു. പത്ത് രൂപയായിരുന്ന മിനിമം ടിക്കറ്റ് ഇതോടെ 30 ആയി.
കൂടാതെ, സാധാരണക്കാരന്റെ യാത്രസൗകര്യം നിഷേധിക്കുംവിധമായിരുന്നു 06495 തൃശൂർ-കോഴിക്കോട്, 06496 കോഴിക്കോട്-ഷൊർണൂർ വണ്ടികൾ റദ്ദാക്കിയത്. വൈകുന്നേരങ്ങളിൽ ഓടിയിരുന്ന തിരക്കേറിയ 16608 -കോയമ്പത്തൂർ- കണ്ണൂർ, 06455 -ഷൊർണൂർ - കോഴിക്കോട്, 16307- ആലപ്പുഴ- കണ്ണൂർ വണ്ടികളുടെ സമയം മാറ്റി.
ഇതും യാത്രികർക്ക് തിരിച്ചടിയായി. മലബാറിലെ ഉൾഗ്രാമങ്ങളിൽനിന്ന് കണ്ണൂർ, കോഴിക്കോട്, കാലിക്കറ്റ് യൂനിവേഴ്സിറ്റി, തിരൂർ, കുറ്റിപ്പുറം, പട്ടാമ്പി, ഷൊർണൂർ, പാലക്കാട് എന്നിവിടങ്ങളിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠനത്തിനെത്തുന്ന വിദ്യാർഥികളും ഉദ്യോഗസ്ഥരും സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികളും കച്ചവടക്കാരും സ്ഥിരംയാത്രക്ക് ട്രെയിൻ സർവിസിനെ ആശ്രയിക്കുന്നവരാണ്.
എല്ലാ സ്റ്റേഷനുകളിലും നിർത്തുന്ന പാസഞ്ചർ ട്രെയിനുകളായിരുന്നു ഇവരുടെ ആശ്രയം. എന്നാൽ പാസഞ്ചർ ട്രെയിനുകൾ സ്പെഷൽ എക്സ്പ്രസുകളാക്കി മാറ്റിയതോടെ പല സ്റ്റേഷനുകളും ഒഴിവാക്കപ്പെട്ടു. ഇതിനു പുറമെയാണ് സർവിസുകൾ നിർത്തലാക്കിയതും സമയക്രമം മാറ്റിയതും.
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വടക്കോട്ട് ഉച്ചകഴിഞ്ഞാൽ ട്രെയിൻ ലഭിക്കണമെങ്കിൽ മണിക്കൂറുകൾ കാത്തിരിക്കേണ്ട അവസ്ഥയാണ്. ട്രെയിനുകളിലെ ജനറൽ കമ്പാർട്ട്മെന്റുകളിൽ നിൽക്കാൻപോലും ഇടമില്ലാത്തവിധം തിരക്കാണ്. നിലവിൽ 72 ആളുകൾക്ക് ഇരിക്കാൻ സീറ്റുള്ള കമ്പാർട്ട്മെന്റുകളിൽ 350ഓളം പേർ യാത്രചെയ്യുന്ന അവസ്ഥാണ് മലബാർ മേഖലയിൽ നിലനിൽക്കുന്നതെന്ന് കോൺഫെഡറേഷൻ ഓഫ് ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ വർക്കിങ് ചെയർമാൻ സി.ഇ ചാക്കുണ്ണി അറിയിച്ചു.
ട്രെയിനുകളിൽ ജനറൽ കമ്പാർട്ട്മെന്റുകൾ കുറക്കുന്നത് സാധാരണ യാത്രക്കാരുടെ പ്രതിസന്ധി വർധിപ്പിക്കുന്നു. യാത്രപ്രശ്നം പരിഹരിക്കാൻ കൂടുതൽ ജനറൽ കമ്പാർട്ട്മെന്റുകൾ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാധാരണക്കാരുടെ യാത്രദുരിതത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. മലബാർ പാസഞ്ചേഴ്സ് അസോസിയേഷൻ മലബാർ ട്രെയിൻയാത്ര സംരക്ഷണ കാമ്പയിൻ ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.