കോഴിക്കോട്: കടക്കെണി, സാമുദായിക കലാപം, ആത്മഹത്യ, കൊലപാതകം അടക്കമുള്ളവ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ഡോക്ടറിൽ നിന്ന് നാലുകോടിയിലേറെ രൂപ ഓൺലൈനായി തട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. രാജസ്ഥാൻ സ്വദേശികളായ സുനില്‍ ദംഗി (48), ശീതള്‍ കുമാര്‍ മേഹ്ത്ത (28) എന്നിവരെയാണ് ബഡി സാദരിയില് നിന്ന് കോഴിക്കോട് സിറ്റി സൈബർ പൊലീസ് സാഹസികമായി പിടികൂടിയത്. കഴിഞ്ഞ ജനുവരി 31നും ആഗസ്റ്റ് 23നും ഇടയിൽ വിവിധ തവണകളിലായാണ് ചേവായൂരിൽ താമസിക്കുന്ന ഉത്തരേന്ത്യക്കാരനായ ഡോക്ടറിൽ നിന്ന് 4,08,80,457 രൂപ സംഘം തട്ടിയെടുത്തത്.
രാജസ്ഥാനിലെ ദുംഗര്‍പൂര്‍ സ്വദേശി അമിത് ജയിനെന്ന് പരിചയപ്പെടുത്തിയയാൾ, കോവിഡ് മൂലം തൊഴില്‍ നഷ്ടപ്പെട്ടെന്നും ഭാര്യയും അമ്മയും സഹോദരിയുമടങ്ങുന്ന കുടുംബം കടക്കെണിയിലാണെന്നും പറഞ്ഞ് സഹായമഭ്യർഥിച്ച് പരാതിക്കാരനെ മൊബൈൽ ഫോൺ വഴി ബന്ധപ്പെടുകയായിരുന്നു ആദ്യം. തുടർന്ന് പരാതിക്കാരന്റെ സഹതാപവും സഹാനുഭൂതിയും ചൂഷണം ചെയ്താണ് പ്രതികള്‍ പണം തട്ടാൻ തുടങ്ങിയത്. ആദ്യം നൽകിയ പണം തിരികെ നൽകാൻ പരാതിക്കാരന് ആവശ്യപ്പെട്ടപ്പോള്‍ കുടുംബ സ്വത്ത് വില്പന നടത്തി പണം നല്കാമെന്നായി പ്രതികൾ. ഇതര സമുദായക്കാരടക്കം കൈയടക്കിയ തങ്ങളുടെ ഭൂമി പൊലീസ് ഇന്‍സ്പെക്ടര്‍, അസി. കമീഷണർ എന്നിവരടക്കം ഇടപെട്ടിട്ടും വിൽപന നടത്താനായില്ലെന്ന് പിന്നീട് അറിയിച്ചു.
മാത്രമല്ല പരാതിക്കാരന് വീണ്ടും പണം നല്കാത്തതിനാൽ നാട്ടിൽ സാമുദായിക സംഘര്‍ഷമുണ്ടായി ഒരാള്‍ കൊല്ലപ്പെട്ടു എന്നും, തുടര്‍ന്ന് തന്റെ സഹോദരി പരാതിക്കാരന്റെ പേര് ആത്മഹത്യക്കുറിപ്പില്‍ എഴുതി ജീവനൊടുക്കി എന്നും പറഞ്ഞു. ഇക്കാര്യം വിശ്വസിപ്പിക്കാൻ വ്യാജ ആത്മഹത്യക്കുറിപ്പുണ്ടാക്കി പരാതിക്കാരന് അയച്ചുനൽകുകയും ചെയ്തു. ആത്മഹത്യക്കുറിപ്പിൽ പേരുള്ളതിനാൽ സഹോദരിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയാകുമെന്നും നാട്ടുകാർ വന്ന് പരാതിക്കാരനെയും കുടുംബത്തെയും കൊലപ്പെടുത്താനിടയുണ്ടെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയും വൻ തുക കൈപ്പറ്റി.
സൈബര്‍ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ ശാസ്ത്രീയാന്വേഷണത്തിൽ പ്രതികള്‍ രാജസ്ഥാനിലെ ബഡി സാദരി, ചിറ്റോര്‍ഗട്ട്, മധ്യപ്രദേശിലെ അലോട്ട്, ഉജ്ജയിന്‍ എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവരാണെന്ന് വ്യക്തമായി. തുടർന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണർ അരുണ്‍ കെ. പവിത്രന്റെ നിർദേശപ്രകാരം സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന് എസ്.എച്ച്.ഒ അങ്കിത് സിങ്ങിന്റെ മേല്‍നോട്ടത്തില്‍ ഇന്‍സ്പെക്ടര്‍ കെ.ആർ. രഞ്ജിത്ത്, എ.എസ്.ഐമാരായ ജിതേഷ് കൊള്ളങ്ങോട്ട്, രാജേഷ് ചാലിക്കര, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ കെ.എം. നൗഫൽ, കെ.ആർ. ഫെബിന് എന്നിവരാണ് പ്രതികളെ രാജസ്ഥാനിൽ പോയി പിടികൂടിയത്.
പരാതിക്കാരനെ ഫോണ്‍ വഴിയും വാട്സ്ആപ് വഴിയും നേരിട്ട് ബന്ധപ്പെട്ട മുഖ്യപ്രതി സുനില്‍ ദംഗി രാജസ്ഥാനിലെ ചിറ്റോര്‍ഗട്ട്, മധ്യപ്രദേശിലെ അലോട്ട്, ഉജ്ജയിന്‍ എന്നിവിടങ്ങളിലെ വിവിധ ചൂതാട്ട കേന്ദ്രങ്ങള്‍ മുഖേന സംഘടിപ്പിക്കുന്ന ബാങ്ക് അക്കൗണ്ടുകള്‍ വഴിയും കൂട്ടുപ്രതി ശീതള്‍ കുമാര്‍ മേഹ്ത്തയുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചുമാണ് പണം തട്ടിയതെന്ന് അന്വേഷണ സംഘം കണ്ടെത്തി.
തട്ടിയെടുത്ത പണം രാജസ്ഥാനിലെയും മധ്യപ്രദേശിലെയും ചൂതാട്ടകേന്ദ്രങ്ങളിലും ഓണ്‍ലൈന്‍ ഗാംബ്ലിങ്, ഗെയ്മിങ് സൈറ്റുകളിലും ചെലവഴിക്കുന്നതായാണ് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായത്. കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈല്‍ ഫോണുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ചെക്ക് ബുക്കുകളും പ്രതികളിൽ നിന്ന് അന്വേഷണ സംഘം പിടിച്ചെടുത്തു. മൊബൈല്‍ ഫോണുകളില്‍ നിന്നും പരാതിക്കാരനുമായി നടത്തിയ വാട്സ് ആപ് ചാറ്റുകളുടെയും ബാങ്ക് ഇടപാടുകളുടെയും തെളിവുകളും പൊലീസിന് ലഭിച്ചു. അറസ്റ്റിലായ പ്രതികളെ മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.