നാദാപുരം: യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച് മാരകമായി പരിക്കേൽപിച്ചവർക്കെതിരെ നടപടിയെടുത്തില്ലെന്നു പരാതി. കുറുവന്തേരിയിലെ അമ്മംപാറയിൽ അമ്പാടി എന്ന രജീഷിന് (36) കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് മർദനമേറ്റത്.
പത്തോളം പേരുള്ള ആക്രമിസംഘം അമ്മയുടെ സംരക്ഷണത്തിൽ കഴിയുന്ന യുവാവിനെ വീട്ടിനകത്തുനിന്ന് ബലമായി വലിച്ചിറക്കി മർദിക്കുകയായിരുന്നു. കേസിൽ ഇതുവരെ ആരെയും പിടികൂടിയിട്ടില്ല. ഏറെനേരം വളഞ്ഞിട്ട് തല്ലിയ യുവാവിനെ മാതാവ് ജാനുവാണ് രക്ഷപ്പെടുത്തി വീട്ടിനകത്തെത്തിച്ചത്. ആക്രമികളെ ഭയന്ന് പുറത്തിറങ്ങാതിരുന്ന രജീഷിനെ തിങ്കളാഴ്ച രാത്രിയാണ് മാതാവ് നാദാപുരം താലൂക്ക് ആശുപത്രിയിലെത്തിച്ചത്.
കാലിന്റെ എല്ലിന് ക്ഷതമേറ്റതിനാൽ പിറ്റേ ദിവസം വളയം ഗവ. ആശുപത്രിയിലും മറ്റൊരു സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. ഇപ്പോൾ എഴുന്നേറ്റു നടക്കാൻ പോലുമാവാതെ വീട്ടിൽ കിടപ്പാണ്. മുഖത്തും കാലിനും സാരമായി പരിക്കേറ്റിട്ടുണ്ട്. ദേഹമാസകലം തല്ലുകൊണ്ട പാടുകളുമുണ്ട്. വളയം പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ലെന്നാണ് ബന്ധുക്കളുടെ പരാതി.
ചാലപ്പുറത്ത് ഭർത്താവും ബന്ധുക്കളും ചേർന്ന് മർദിച്ചു പരിക്കേൽപിച്ച കേസിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്ത നാദാപുരം പൊലീസ് നടപടിയിലും വിമർശനമുയർന്നു. ആക്രമണത്തിൽ ഒരു കണ്ണിന്റെ കാഴ്ച തടസ്സപ്പെടുകയും ദേഹമാസകലം പരിക്കേൽക്കുകയും ചെയ്ത കീഴൽ സ്വദേശി റുബീന ഇപ്പോഴും ചികിത്സയിലാണ്.
ഈ മാസം മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. നീതിക്കായി പലതവണ നാദാപുരം സ്റ്റേഷനിൽ കയറിയിറങ്ങിയെങ്കിലും നിരാശയായിരുന്നു ഈ നിരാലംബ കുടുംബത്തിന്റെ അനുഭവം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.