രാമനാട്ടുകര: നഗരസഭ ലഹരിവിരുദ്ധ കാമ്പയിന്റെ ഭാഗമായി ഒക്ടോബർ രണ്ടുമുതൽ 2023 ജനുവരി 30 വരെ വിവിധ കാമ്പയിൻ നടത്തും. രാമനാട്ടുകര നഗരസഭയുടെ നേതൃത്വത്തിൽ വിവിധ പദ്ധതികളോടെ നാലുമാസം നീണ്ടുനിൽക്കുന്ന കാമ്പയിൻ പ്രവർത്തനത്തിന് ഒക്ടോബർ രണ്ടിന് തുടക്കം കുറിക്കും.
ഒക്ടോബർ രണ്ടിന് ഫാറൂഖ് കോളജ് രാജാ ഗേറ്റ് മുതൽ രാമനാട്ടുകര സുരഭി ജങ്ഷൻ വരെ കൂട്ടയോട്ടം സംഘടിപ്പിക്കും. ഈ കൂട്ടയോട്ടത്തിൽ കലാസാംസ്കാരിക സാമൂഹിക സന്നദ്ധ സംഘടനകൾ, കുടുംബശ്രീ, ആശാവർക്കർമാർ, അംഗൻവാടി ജീവനക്കാർ, യുവജന രാഷ്ട്രീയ സംഘടനകൾ, വിവിധ റസിഡൻസ്, വ്യാപാരി പ്രതിനിധികൾ സംഘടനകൾ, വിദ്യാർഥി സംഘടനകൾ, മതസംഘടനകൾ തുടങ്ങി എൻ.എസ്.എസ് വളന്റിയർമാർ, വിവിധ യൂത്ത് ക്ലബുകൾ, എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളിച്ച് നടത്തുന്ന കൂട്ടയോട്ടം പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഫ്ലാഗ് ഓഫ് ചെയ്യും. രാവിലെ ഏഴുമണിക്ക് ഫാറൂഖ് കോളജ് രാജാ ഗേറ്റിൽനിന്നും ആരംഭിക്കും.
തുടർന്ന് രാമനാട്ടുകര സുരഭി ജങ്ഷനിൽ വെച്ച് ലഹരിവിരുദ്ധ പ്രതിജ്ഞയോടെ പരിപാടിക്ക് തുടക്കം കുറിക്കും. ഞായറാഴ്ച രാവിലെ പത്തുമണിക്ക് ഫാറൂഖ് കോളജ് ശ്രീദേവി ധർമമന്ദിരത്തിൽ നഗരസഭാതല ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൻ ബുഷ്റ റഫീഖ് നിർവഹിക്കും.
ഒക്ടോബർ പത്തിനുള്ളിൽ തന്നെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എൽ.പി. മുതൽ കോളജ് തലം വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിലവിലെ ജനപ്രതിനിധികൾ അധ്യക്ഷരായി കമ്മിറ്റികൾ നിലവിൽ വരും. ഈ കമ്മിറ്റികളോടൊപ്പം തന്നെ ബഹുജന കാമ്പയിൻ പ്രവർത്തനം ഒക്ടോബർ 10ന് ആരംഭിക്കും.
ഒക്ടോബർ 10ന് നടക്കുന്ന ബഹുജന കാമ്പയിനിൽ എക്സൈസ് നാർക്കോട്ടിക് വിഭാഗം ഉദ്യോഗസ്ഥർ പങ്കെടുക്കും. ഇതോടൊപ്പം ഓരോ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാർഥി സഭകൾ, ജനസഭകൾ, യുവജന സഭകൾ, ജനകീയ കാമ്പയിനുകൾ തുടങ്ങി ഒട്ടേറെ പരിപാടികൾ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.
ലഹരിവിരുദ്ധ പരിപാടിയുടെ പ്രചാരണ ഭാഗമായി മുഴുവൻ വിദ്യാലയങ്ങളിലും പൊതുഇടങ്ങളിലും പ്രചാരണ ബോർഡുകൾ സ്ഥാപിക്കാനും രാമനാട്ടുകര നഗരത്തിലെ ആയിരത്തോളം ഓട്ടോറിക്ഷകളിൽ ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി സ്റ്റിക്കറുകൾ പതിക്കും.
മയക്കുമരുന്ന് ലോബികൾ പ്രവർത്തിച്ചുവരുന്ന ഇടങ്ങൾ കണ്ടെത്തുന്ന ആളുകളുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ കണ്ടെത്തിത്തരുന്നവർക്ക് അവാർഡ് നൽകാനും നഗരസഭ തീരുമാനിച്ചു. മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വാഹനങ്ങളുടെ പിറകിലും ലഹരി വിരുദ്ധ ബാനറുകൾ പതിക്കുവാനും വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യാപാര സമിതികളും ചേർന്ന് പൊതുഇടങ്ങളിൽ പ്രചാരണ ബോർഡുകളും ചുമരെഴുത്തുകളും നടത്താനും തീരുമാനിച്ചു.
കുടുംബശ്രീകൾ, അംഗൻവാടികൾ, ആശാവർക്കർമാർ, മഹിള സംഘടനകൾ എന്നിവരെ ഉപയോഗപ്പെടുത്തി വീടുകൾതോറും കയറിയിറങ്ങിയുള്ള ഹൗസ് കമ്മിറ്റികൾ രൂപവത്കരിക്കാനും 50 വീടുകൾ അടങ്ങിയിട്ടുള്ള ജനസഭകൾ നടത്താനും തീരുമാനിച്ചു. ഇതിന്റെ ദുരുപയോഗം കാണിക്കുന്ന വിഡിയോ ദൃശ്യങ്ങൾ അടങ്ങിയിട്ടുള്ള മൊബൈൽ ഹോഡിങ്സ്, രാമനാട്ടുകര നഗരസഭ പരിധിയിലെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ ലഹരിക്കെതിരെയുള്ള വിഡിയോ പ്രദർശനവും ബോധവത്കരണവും നടത്തും.
വിദ്യാർഥികൾക്കായി പോസ്റ്റർ രചന മത്സരം, ഉപന്യാസ രചന മത്സരം, മൊബൈൽ വിഡിയോ മത്സരം തുടങ്ങി ഒട്ടേറെ മത്സരപരിപാടികൾ നടത്താനും തീരുമാനിച്ചു. വിദ്യാർഥി സംഘടന പ്രതിനിധികളെ ഉപയോഗപ്പെടുത്തിക്കൊണ്ട് കാമ്പസ് ബോധവത്കരണ ക്യാമ്പുകൾ, കൗൺസലിങ് സെന്ററുകൾ, ഡീ അഡിക്ഷൻ സെന്ററുകൾ എന്നിവ നഗരസഭയിൽ ആരംഭിക്കാനും തീരുമാനമായി. ഇതുസംബന്ധിച്ച് നടന്ന യോഗത്തിൽ നഗരസഭ അധ്യക്ഷ ബുഷ്റ റഫീഖ് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.