കോഴിക്കോട്: പ്രത്യേക സംരക്ഷണം ലഭിക്കേണ്ട റാംസർ പദവിയുള്ള തണ്ണീർത്തടങ്ങളുടെ പട്ടികയിൽ കോട്ടൂളിയെയും ഉൾപ്പെടുത്താനുള്ള സംസ്ഥാന തണ്ണീർത്തട സാങ്കേതിക സമിതിയുടെ തീരുമാനം നഗരത്തിന് പ്രതീക്ഷയാവുന്നു. വർഷങ്ങളായി പരിസ്ഥിതി പ്രേമികളുടെ ആവശ്യമാണ് കോട്ടൂളി മേഖലയുടെ സംരക്ഷണം. നഗരത്തിൽ ഏറ്റവുമധികം കൈയേറ്റവും അശാസ്ത്രീയ നിർമാണങ്ങളുമുള്ള ഭാഗം കൂടിയാണിത്.
കോഴിക്കോട് താലൂക്കിലെ കോട്ടൂളി, വേങ്ങേരി, ചേവായൂർ എന്നീ വില്ലേജുകളിലായി 250 ഏക്കറിലധികം വിസ്തൃതിയിലുള്ള ഈ മേഖലയെ കോഴിക്കോട് നഗരത്തിന്റെ ജല അറ ആയാണ് വിശേഷിപ്പിക്കുന്നത്. ഇതിൽ വലിയൊരു ഭാഗം നികത്തിക്കഴിഞ്ഞു. റാംസർ പദവി കിട്ടുന്നതോടെ അന്താരാഷ്ട്ര സഹായങ്ങളും പ്രത്യേക സംരക്ഷണവും ലഭിക്കുമെന്നാണ് പ്രതീക്ഷ. 1971ൽ ഇറാനിലെ റാംസറിൽ അന്താരാഷ്ട്ര ഉച്ചകോടിയിലാണ് തണ്ണീർത്തടങ്ങളുടെ സംരക്ഷണത്തിന് പദ്ധതികൾ ആരംഭിച്ചത് എന്നതിനാലാണ് ഈ പദ്ധതിയിലുൾപ്പെടുന്നവയുടെ ലിസ്റ്റിന് റാംസർ പട്ടിക എന്ന് പേരുവന്നത്.
ദേശീയ നീർത്തട സംരക്ഷണ പരിപാടി അനുസരിച്ച് ദേശീയതലത്തിൽ കണ്ടെത്തിയ 115 തണ്ണീർത്തടങ്ങളിൽ ഉൾപ്പെട്ട കേരളത്തിലെ ഏഴ് തണ്ണീർത്തടങ്ങളിൽ ഒന്നായ കോട്ടൂളിയെ സംബന്ധിച്ച് വിജ്ഞാപനം ചെയ്യാനുള്ള നടപടികളാണ് ഇപ്പോൾ അവസാനഘട്ടത്തിലെത്തിയത്. സംസ്ഥാന തണ്ണീർത്തട സാങ്കേതിക സമിതി ശിപാർശ മുഖ്യമന്ത്രിയുടെ മേൽനോട്ടത്തിൽ കേന്ദ്ര റാംസർ അഡ്മിനിസ്ട്രേറ്റിവ് അതോറിറ്റിക്കാണ് കൈമാറുക. തുടർന്നാണ് റാംസർ പദവി നൽകി പ്രഖ്യാപനമുണ്ടാവുക.
നഗരത്തിനകത്തെ ജൈവ വൈവിധ്യം
നിലവിൽ 150 ഏക്കറിൽ 240 ഇനം സസ്യങ്ങളും 90 ഇനം പൂമ്പാറ്റകളും 134 ഇനം പക്ഷികളും 44 ജാതി തുമ്പികളും അഞ്ചിനം കണ്ടൽമരങ്ങളും എട്ട് ആൽ ഇനങ്ങളും 30 ഇനം മീനുകളുമെല്ലാമുള്ളതാണ് കോട്ടൂളി വെറ്റ് ലാൻഡ്. കുറുമ്പൻ ചിറ ശുദ്ധജലതടാകവും ഇവിടെയാണ്. വേങ്ങേരി വില്ലേജിലെ റിസർവേ നമ്പർ 69, 70, 71, 72, 73 എന്നിവയിൽ ഉൾപ്പെട്ട തണ്ണീർത്തടങ്ങളും കണ്ടൽവനങ്ങളും വലിയ തോതിൽ നികത്തുകയോ നശിപ്പിക്കുകയോ ചെയ്തുവെന്നാണ് പരാതി.
സരോവരം എക്സിബിഷൻ ഗ്രൗണ്ടിനോടുചേർന്ന് വലിയ കൈയേറ്റമുണ്ടായെന്ന് പരാതിയുയർന്നിരുന്നു. ഇതിനെല്ലാം പുതിയ പദവി വഴി പരിഹാരമാവും. കോട്ടൂളി തണ്ണീർത്തടത്തിന്റെ സമഗ്ര സംരക്ഷണം മുൻനിർത്തി ജലവിഭവ വികസന വിനിയോഗ കേന്ദ്രം (സി.ഡബ്യു.ആർ.ഡി.എം) റിപ്പോർട്ട് തയാറാക്കിയിരുന്നു. കോട്ടൂളി തണ്ണീർത്തടം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി കേരള നിയമസഭ-പരിസ്ഥിതി സംബന്ധിച്ച് സമിതി പരാമർശവും സോയൽ സർവേ ഡിപ്പാർട്മെന്റ് സർവേയുടെ റിപ്പോർട്ടും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.