കോഴിക്കോട്: വലിയങ്ങാടിയിൽനിന്ന് 182 ചാക്ക് റേഷനരി പിടികൂടിയ സംഭവത്തിൽ മൂന്ന് പ്രതികളെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തു.
ഞായറാഴ്ച വൈകീട്ടോടെയാണ് ടൗൺ പൊലീസ് പ്രതികളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. ശനിയാഴ്ച വൈകീട്ട് വലിയങ്ങാടിയിലെ സീന ട്രേഡേഴ്സിൽനിന്ന് കയറ്റിക്കൊണ്ടുപോകുകയായിരുന്ന റേഷനരിയാണ് ചെറൂട്ടി റോഡിൽനിന്ന് ടൗൺ പൊലീസ് പിടികൂടിയത്.
കടയുടമ നിർമൽ, ലോറി ഡ്രൈവർ തിരുവനന്തപുരം സ്വദേശി അപ്പുക്കുട്ടൻ, സഹായി ഹുസൈൻ എന്നിവരാണ് അറസ്റ്റിലായത്. മട്ട അരിയാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. അതുകൊണ്ടു തന്നെ അടുത്ത കാലത്ത് നടന്ന ഇടപാടാണിതെന്നാണ് നിഗമനം.
ജില്ലയിൽ അടുത്ത കാലത്താണ് മട്ട അരി റേഷൻ കടകളിൽ വിതരണത്തിന് എത്തിത്തുടങ്ങിയത്. വലിയങ്ങാടി കേന്ദ്രീകരിച്ച് വലിയ തോതിൽ റേഷനരി എത്തുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ശനിയാഴ്ച അരി പിടികൂടിയത് സംബന്ധിച്ച് വിശദ അന്വേഷണം ആരംഭിച്ചതായി ടൗൺ പൊലീസ് പറഞ്ഞു. പിടിച്ചെടുത്ത അരി നിലവിൽ ടൗൺ പൊലീസ് കസ്റ്റഡിയിലാണ്. ഇത് റേഷൻ ഗോഡൗണിലേക്ക് മാറ്റുമെന്ന് താലൂക്ക് സപ്ലൈ ഓഫിസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.