കോഴിക്കോട്: നഗരത്തിൽ അപകട ഭീഷണിയുയർത്തി കെട്ടിടങ്ങൾക്ക് മുകളിൽ സ്ഥാപിച്ച കൂറ്റൻ പരസ്യ ബോർഡുകൾ നീക്കം ചെയ്യാത്തതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമീഷൻ. കാലവർഷം വരാനിരിക്കെ ഇത് അപകടത്തിനും അത്യാഹിതത്തിനും കാരണമാവുമെന്ന മാധ്യമം വാർത്തയെ തുടർന്നാണ് മനുഷ്യാവകാശകമീഷൻ സ്വമേധയാ കേസെടുത്തത്.
കോഴിക്കോട് നഗരസഭ സെക്രട്ടറി ഇക്കാര്യം വിശദമായി പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. സുരക്ഷിതമല്ലാത്ത ഇരുമ്പ് ഫ്രെയിമുകളിലാണ് ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്. നഗരത്തിലെ കെട്ടിടങ്ങൾക്ക് മുകളിൽ സ്ഥാപിച്ച കൂറ്റൻ ബോർഡുകൾ കാറ്റത്ത് നിലംപതിക്കാവുന്ന അവസ്ഥയിലാണുള്ളത്.
മാവൂർ റോഡിൽ ഉൾപ്പെടെ പഴയ കെട്ടിടങ്ങൾക്ക് ഉയരെ പോലും ഇത്തരം ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. മൊഫ്യൂസിൽ സ്റ്റാൻഡിന് മുകളിലും ഇത്തരം ബോർഡുകളുണ്ട്. പരസ്യങ്ങൾ കുറവായതിനാൽ കെട്ടിടം ഉടമകൾ ഇക്കാര്യം ശ്രദ്ധിക്കാറില്ലെന്നും പരാതിയുണ്ട്. മഴയിലും കാറ്റിലും കൂറ്റൻ ഫ്രെയിം നിലം പതിച്ചാൽ വൻ അപകടങ്ങൾക്ക് സാധ്യതയുണ്ട്. പത്ര വാർത്തയുടെ അടിസ്ഥാനത്തിൽ കമീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ബുധനാഴ്ചയാണ് മാധ്യമം ഇതുസംബന്ധിച്ചു വാർത്ത നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.