കോഴിക്കോട്: അപകടാവസ്ഥയിലായ സി.എച്ച്. മുഹമ്മദ് കോയ ഫ്ലൈ ഓവർ ബ്രിഡ്ജ് 4.22 കോടി ചെലവിൽ നവീകരിക്കൽ വെള്ളിയാഴ്ച തുടങ്ങും. കരാറുകാർ വ്യാഴാഴ്ച ഭൂമിപൂജ നടത്തി. കണ്ണൂർ റോഡിനും റെയിലിനും ഇടയിലുള്ള ഭാഗത്തെ കൈവരികളാണ് ആദ്യഘട്ടമായി നന്നാക്കുക. അപ്പോഴേക്കും പാലത്തിനടിയിലെ കടകൾ പൊളിച്ചുമാറ്റുന്ന നടപടി കോർപറേഷൻ തുടങ്ങുമെന്നാണ് പ്രതീക്ഷ. മുംബൈ ആസ്ഥാനമായ സ്ട്രെക്ചറൽ സ്പെഷാലിറ്റീസ് എന്ന കമ്പനിയാണ് പാലം നന്നാക്കാൻ കരാറെടുത്തത്. രണ്ടാഴ്ചക്കകം കെട്ടിടങ്ങൾ നീക്കുന്ന പ്രവൃത്തി നടക്കുമെന്നാണ് പ്രതീക്ഷ. കരാർ പ്രകാരം ഒമ്പതു മാസം കൊണ്ടാണ് പണി തീർക്കേണ്ടത്. ‘കതോഡിക് പ്രൊട്ടക്ഷൻ’ രീതിയിലുള്ള ബലപ്പെടുത്തലാണ് മേൽപാലത്തിൽ നടത്തുക. തുരുമ്പ് ഒഴിവാക്കാൻ വേണ്ടിയാണ് ഇത്. കമ്പികളിൽ തുരുമ്പ് തുടങ്ങിയാൽ കോൺക്രീറ്റിന് ബലം കുറഞ്ഞുകൊണ്ടിരിക്കും. കൂടുതൽ തുരുമ്പ് ആധുനിക സാങ്കേതിക വിദ്യയിലൂടെ പൂർണമായി തടയുകയാണ് രീതി. കൈവരികളിൽ ആദ്യമായി ഈ രീതി നടപ്പാക്കും.
ഹൈഗ്രേഡ് കോൺക്രീറ്റിട്ട ശേഷം ആന്റി കാർബണൈറ്റ് കോട്ടിങ് നൽകും. പണി തുടങ്ങിയാൽ പാലത്തിന്റെ ഒരു ഭാഗം റോഡ് അടച്ചിടേണ്ടിവരും. പൂർണമായി അടച്ചിടാത്ത വിധമാവും നിർമാണം. ശനി, ഞായർ ദിവസങ്ങളിൽ പാലത്തിന് മുകളിൽ കോൺക്രീറ്റിടാനും ആ ദിവസങ്ങളിൽ പാലം അടച്ചിടുന്ന കാര്യവും പരിഗണനയിലുണ്ട്. 2022 നവംബർ 30നകം എല്ലാ മുറികളും ഒഴിയണമെന്നും ഡിസംബർ ആദ്യവാരം പാലം പണി തുടങ്ങണമെന്നും ലക്ഷ്യമിട്ടെങ്കിലും നടന്നില്ല. പാലത്തിന്റെ സ്ലാബിന്റെ ഭാഗം അടർന്നുവീണതിനെ തുടർന്ന് അടിയന്തരമായി നന്നാക്കണമെന്ന് നിരന്തരം ആവശ്യമുയർന്നിരുന്നു. മേൽപാലത്തിനടിയിലെ 63 മുറികളിലുള്ള കച്ചവടക്കാരും ഒഴിഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.