കോഴിക്കോട്: പശ്ചിമഘട്ടത്തില്‍നിന്നും വടക്കുകിഴക്കന്‍ ഹിമാലയ നിരകളില്നിന്നുമായി ആറ് പുതിയ സസ്യങ്ങളെ തിരിച്ചറിഞ്ഞ് കാലിക്കറ്റ് സര്‍വകലാശാലയിലെ ഗവേഷക സംഘം. കാലിക്കറ്റിലെ സസ്യശാസ്ത്ര വിഭാഗം പ്രഫസര്‍ ഡോ. സന്തോഷ് നമ്പിയുടെ നേതൃത്വത്തിലാണ് കണ്ടെത്തല്‍. ജസ്നേറിയെസിയെ കുടുംബത്തില്‍പെട്ട സസ്യങ്ങളെക്കുറിച്ചുള്ള പഠനത്തിെൻറ ഭാഗമായി ചേമഞ്ചേരി സ്വദേശി എം.കെ. അഖില്‍, ഒല്ലൂര്‍ സ്വദേശി വിഷ്ണു മോഹന്‍ എന്നിവര്‍ ചേര്‍ന്ന് ഹെന്‍കെലിയ ജനുസ്സില്പെട്ട സസ്യത്തെ മേഘാലയയിലെ ഈസ്റ്റ് ഖാസി ജില്ലയില്‍നിന്ന് കണ്ടെത്തിയതിനാല്‍ ഹെന്‍കെലിയ ഖാസിയാന എന്ന് പേരുനല്കി.
മെലാസ്റ്റോമെറ്റേസിയെ സസ്യകുടുംബത്തിലെ 'സുന്ദരിയില' എന്നറിയപ്പെടുന്ന സോണറില ജനുസ്സിലുള്ളതാണ് മറ്റൊരു സസ്യം. സൗത്ത് ഗോവ സാല്‍സെറ്റ് താലൂക്കിലെ ചന്ദ്രേശ്വര്‍ മലയില്‍നിന്നും കണ്ടെത്തിയ ചെറിയ കിഴങ്ങുകളോടുകൂടിയ സസ്യത്തിന് സോണറില കൊങ്കനെന്‍സിസ് എന്നാണ് പേരിട്ടിരിക്കുന്നത്. പ്രഫ. സന്തോഷ് നമ്പി, ഗവേഷക തൃശൂര്‍ ചേലക്കര സ്വദേശിനി എസ്. രശ്മി, ഗോവ യൂനിവേഴ്സിറ്റി ബോട്ടണി ഗവേഷക പി.എഫ്. അക്ഷത്ര എന്നിവരാണ് ഈ സസ്യത്തെ തിരിച്ചറിഞ്ഞത്. ഇടുക്കി ജില്ലയിലെ സപുഷ്പി സസ്യങ്ങളുടെ ക്രോഡീകരണവുമായി ബന്ധപ്പെട്ട കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ പ്രോജക്ടിെൻറ ഭാഗമായി ഡോ. സന്തോഷ് നമ്പി, ഗവേഷകരായ വിഷ്ണു മോഹന്‍, ഡാനി ഫ്രാന്‍സിസ്, ദിവ്യ കെ. വേണുഗോപാല്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സംഘം മൂന്നു പുതിയ സസ്യങ്ങളെ ജില്ലയില്‍നിന്ന് കണ്ടെത്തി.
കാശിത്തുമ്പ കുടുംബത്തില്‍പെട്ട ഇമ്പേഷ്യന്‍സ് രക്തകേസര, ബര്‍മാനിയേസിയെ കുടുംബത്തിൽപെട്ട ബര്‍മാനിയ മൂന്നാറെന്‍സിസ്, ഒറോബാങ്കെസിയെ കുടുംബത്തില്‍പെട്ട പാരസൊപൂബിയ രാഘവേന്ദ്രെ എന്നീ സസ്യങ്ങളെ യഥാക്രമം ആനമുടി, മൂന്നാര്‍, മതികെട്ടാന്‍ചോല എന്നിവിടങ്ങളില്‍ നിന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇമ്പേഷ്യന്‍സ് രക്തകേസര ചുവന്ന നിറത്തോടുകൂടിയ കേസരങ്ങളുള്ളതാണ്. മൂന്നാറില്‍ നിന്ന് കണ്ടെത്തിയ ബര്‍മാനിയ മൂന്നാറെന്സിസിെൻറ പ്രധാന സവിശേഷതകള്‍ വീതികുറഞ്ഞ ചിറകുകളോടുകൂടിയ പുഷ്പങ്ങളും ഉള്ളിലേക്കു മടങ്ങിയിരിക്കുന്ന ഇതളരികുകളുമാണ്.
1909ല്‍ എ. മീബോള്‍ഡ് പീരുമേട്ടില്‍നിന്നും ശേഖരിച്ച ബര്‍മാനിയ ഇന്‍ഡിക്ക എന്ന സസ്യത്തെ 110 വര്‍ഷങ്ങള്‍ക്കുശേഷം മീനുളിയാന്പാറയില്നിന്നും കണ്ടെത്തിയെന്നതും ശ്രദ്ധേയമാണ്. പാരസൊപൂബിയ രാഘവേന്ദ്രെ എന്ന സസ്യത്തെ ഈ ജനുസ്സില്പെട്ട മറ്റു സസ്യങ്ങളില്‍നിന്നും വ്യത്യസ്തമാക്കുന്നത് ദളം, വിദളം, വിത്തുകള്‍ എന്നിവയുടെ പ്രത്യേകതകളാണ്.
ഇന്ത്യന്‍ സസ്യശാസ്ത്രജ്ഞനായ ഡോ. ആര്. രാഘവേന്ദ്ര റാവുവിനോടുള്ള ബഹുമാന സൂചകമായാണ് ഈ സസ്യത്തിന് പേരു നല്‍കിയിരിക്കുന്നത്. ഡോ. സന്തോഷ് നമ്പിയും അഖിലും ചേര്‍ന്ന് വയനാട് ജില്ലയിലെ പേര്യയില്നിന്നും എരിയോക്കോളന്‍ ജനുസ്സില്പെട്ട ഒരു സസ്യത്തെക്കൂടി കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യന്‍ സസ്യശാസ്ത്രജ്ഞനായ ഡോ. എം. സഞ്ജപ്പയോടുള്ള ബഹുമാന സൂചകമായി ഈ സസ്യത്തിന് എരിയോക്കോളന്‍ സഞ്ജപ്പേ എന്നാണ് പേരു നല്‍കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.