കോഴിക്കോട്: ഭിന്നശേഷി കുട്ടികൾക്ക് നീന്തൽ പരിശീലിപ്പിക്കുന്നതിന് ബീറ്റ്സ് പദ്ധതിയുമായി സമഗ്രശിക്ഷ. ജീവിത നൈപുണി വികാസത്തിനും പ്രകൃതിദുരന്തങ്ങളിൽ നിന്നുള്ള അതിജീവനത്തിന് ഭിന്നശേഷി കുട്ടികളെ പ്രാപ്തരാക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് പൊതു വിദ്യാഭ്യാസ വകുപ്പ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. സമഗ്ര ശിക്ഷ കോഴിക്കോടിന്റെ നേതൃത്വത്തിലുള്ള ‘ബീറ്റ്സ്’ നീന്തൽ പരിശീലനത്തിന് സെപ്റ്റംബർ ഒന്നിന് തുടക്കമാകും. 100 കുട്ടികളെയാണ് ആദ്യഘട്ടത്തിൽ നീന്തൽ പഠിപ്പിക്കുക. ആദ്യ ഘട്ടത്തിൽ ഹൈസ്കൂൾ, ഹയർസെക്കൻഡറി ക്ലാസുകളിലെ കാഴ്ചപരിമിതരായ കുട്ടികൾക്കാണ് മുൻഗണന. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. പത്ത് കുട്ടികൾ വീതമുള്ള ബാച്ചുകളായാണ് 15 ദിവസത്തെ പരിശീലനം നൽകുകയെന്നും എസ്.എസ്.കെ ജില്ല പ്രോജക്ട് കോഓഡിനേറ്റർ ഡോ. എ.കെ. അബ്ദുൽ ഹക്കീം പറഞ്ഞു.
ജില്ലയിൽ 500 കുട്ടികളെ നീന്തൽ പരിശീലിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. കൂടുതൽ കുട്ടികൾക്ക് പരിശീലനം നൽകാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹായം ലഭ്യമാക്കും. 70 ശതമാനം കാഴ്ചപരിമിതി അനുഭവിക്കുന്നവർ, ശ്രവണപരിമിതിയുള്ളവർ, ശാരീരിക ചലനപരിമിതിയുള്ളവർ, ഓട്ടിസം ബാധിച്ചവർ ഉൾപ്പെടെയുള്ളവർ ബീറ്റ്സ് പദ്ധതിയുടെ ഗുണഭോക്താക്കളാകും.
രക്ഷിതാക്കളുടെ അനുമതിയോടെ ബി.ആർ.സി വഴിയാണ് കുട്ടികളെ തിരഞ്ഞെടുക്കുക. ജില്ല സ്പോർട്സ് കൗൺസിൽ, കാഴ്ചപരിമിതർക്കായി ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ‘ഇക്വിബിയിങ്’ എന്നിവരുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. നടക്കാവ് നീന്തൽക്കുളത്തിൽ രാവിലെ എട്ടുമുതൽ ഒമ്പതുവരെയാകും പരിശീലനം. ഓരോ കുട്ടിക്കും പ്രത്യേകം ലൈഫ് ഗാർഡുണ്ടാകും. വീട്ടിൽനിന്ന് പരിശീലനകേന്ദ്രത്തിലേക്കും അവിടെനിന്ന് സ്കൂളിലേക്കും വാഹനസൗകര്യം ഉൾപ്പെടെ ഒരുക്കും. ഭക്ഷണവും ലഭ്യമാക്കും. കോർപറേഷൻ പരിധിയിലാണ് ആദ്യം പദ്ധതി നടപ്പാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.