കോഴിക്കോട്: വാടക വീടെടുത്ത് ജില്ല കേന്ദ്രീകരിച്ച് ലഹരി വിൽപന നടത്തിയ സംഘത്തിലെ മുഖ്യ സൂത്രധാരൻ റിമാൻഡിൽ. ചക്കുംകടവ് സ്വദേശി എഴുത്തുപള്ളിപ്പറമ്പ് ചക്കാലക്കൽ വീട്ടിൽ മുഹമ്മദ് അൻസാരിയെയാണ് (29) ടൗൺ പൊലീസ് പിടികൂടി കോടതി റിമാൻഡ് ചെയ്തത്.
ഇയാൾ താമസിച്ച മണക്കടവ് കുന്നംകുളങ്ങരയിലെ വാടക വീട്ടിൽനിന്ന് കൊകെയ്ൻ, ഹാഷിഷ് ഓയിൽ, എം.ഡി.എം.എ, 200 ഗ്രാം കഞ്ചാവ് എന്നിവയടക്കം ലഹരി വസ്തുക്കളും അഞ്ചുലക്ഷത്തോളം രൂപയും കണ്ടെടുത്തു. കിടക്കയുടെ അടിയിലാണ് ലഹരിവസ്തുക്കൾ സൂക്ഷിച്ചിരുന്നത്. ലഹരി ഇടപാടിൽ ലഭിച്ചതാണ് തുകയെന്നാണ് പൊലീസ് നിഗമനം. കഴിഞ്ഞ ദിവസം രാത്രി പന്തീരാങ്കാവ് പൊലീസിന്റെ സഹായത്തോടെയായിരുന്നു ടൗൺ പൊലീസ് വീട്ടിൽ പരിശോധന നടത്തിയത്.
35 ഗ്രാം എം.ഡി.എം.എ, ഒരു കിലോ കഞ്ചാവ്, എം.ഡി.എം.എ ചില്ലറ വിൽപനക്ക് ഉപയോഗിക്കുന്ന ത്രാസ്, കവറുകൾ, പ്ലാസ്റ്റിക് ബോട്ടിലുകൾ, സിറിഞ്ചുകൾ എന്നിവ സഹിതം നവംബർ 20ന് ഗുജറാത്തി സ്ട്രീറ്റിൽ ആഡംബര കാറുമായി പുതിയറ ലതാപുരി വീട്ടിൽ നൈജിൽ റിറ്റ്സ് (29), മാത്തോട്ടം ഷംജാദ് മൻസിലിൽ സഹൽ (22) എന്നിവരെ ടൗൺ പൊലീസ് അറസ്റ്റുചെയ്തിരുന്നു. ഈ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മുഹമ്മദ് അൻസാരിയെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചത്.
ഇതര സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് ലഹരിയെത്തിക്കുന്ന കണ്ണികളിലെ പ്രധാനിയാണ് മുഹമ്മദ് അൻസാരി. ഇയാളെത്തിക്കുന്ന ലഹരി വസ്തുക്കൾ ചില്ലറ വിൽപന നടത്തുകയാണ് നേരത്തെ പിടിയിലായവർ ചെയ്തിരുന്നത്.
ആഡംബര കാറുകളിലാണ് സംഘം ലഹരി കടത്തിയത്. കേസിൽ നേരത്തെ അറസ്റ്റിലായ നൈജിൽ അടുത്തിടെയാണ് ലഹരിക്കേസിൽ ജയിലിൽനിന്നിറങ്ങിയത്. ഇയാൾക്കെതിരെ മുത്തങ്ങ എക്സൈസ്, മെഡിക്കൽ കോളജ് പൊലീസ് എന്നിവിടങ്ങളിൽ ലഹരിക്കേസുകളുണ്ട്.
വാഹനത്തിൽ കറങ്ങി ആവശ്യക്കാരോട് ഗൂഗ്ൾപേ വഴി പണം അയപ്പിച്ചാണ് സംഘം മയക്കുമരുന്ന് വിൽപന നടത്തിയത്. ഇവരുടെ ഉപഭോക്താക്കളായ ആളുകളുടെ വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇവരെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.