കോഴിക്കോട്: വാടകവീടെടുത്ത് ലഹരി വിൽപന നടത്തിയ യുവാവ് അറസ്റ്റിൽ. താമരശ്ശേരി ചുണ്ടങ്ങാപ്പൊയിൽ കാപ്പുമ്മൽ അതുലാണ് (29) അറസ്റ്റിലായത്. നാർകോട്ടിക് സെൽ അസി. കമീഷണർ ടി.പി. ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡൻസാഫും ഇൻസ്പെക്ടർ എം.എൽ. ബെന്നി ലാലുവിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ കോളജ് പൊലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്.
മുണ്ടിക്കൽത്താഴം കോട്ടാംപറമ്പ് കുന്നുമ്മലിൽ വാടകവീട് കേന്ദ്രീകരിച്ചായിരുന്നു ലഹരി വിൽപന. വീട്ടിൽനിന്ന് 12.400 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.
ലഹരിമരുന്ന് വിൽപന നടത്തിയതിന് താമരശ്ശേരി പൊലീസ് നേരത്തേ അറസ്റ്റ്ചെയ്ത ഇയാൾ ജാമ്യത്തിലിറങ്ങി വീണ്ടും ലഹരി വിൽപന ആരംഭിക്കുകയായിരുന്നു. കുടുംബം പോലെ യുവതിയോടൊപ്പം താമസിച്ചതിനാൽ വീട്ടുടമക്കും പരിസരവാസികൾക്കും സംശയമുണ്ടായിരുന്നില്ല. എവിടെ നിന്നാണ് ലഹരിമരുന്ന് എത്തിച്ചതെന്നും ആർക്കെല്ലാമാണ് വിൽക്കുന്നതെന്നും ആരെല്ലാമാണ് ഉപയോഗിക്കുന്നതെന്നും പൊലീസ് അന്വേഷിച്ചുവരുകയാണ്.
ഡൻസാഫ് സബ് ഇൻസ്പെക്ടർ മനോജ് എടയേടത്ത്, എ.എസ്.ഐ കെ. അബ്ദുറഹ്മാൻ, അനീഷ് മൂസേൻവീട്, കെ. അഖിലേഷ്, സുനോജ് കാരയിൽ, അർജുൻ അജിത്, മെഡിക്കൽ കോളജ് സ്റ്റേഷനിലെ എസ്.ഐമാരായ ആർ. നിധിൻ, രാധാകൃഷ്ണൻ, മനോജ് കുമാർ, സി.പി.ഒമാരായ വിഷ് ലാൽ, ഹനീഫ, രഞ്ജു, വീണ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.