കോഴിക്കോട്: നഗരത്തിൽ തുരങ്കത്തിനടിയിലൂടെ സിൽവർലൈൻ വരുമെന്ന് പറയുമ്പോൾ പദ്ധതി പ്രദേശവാസികൾക്ക് ഇരട്ടി ആശങ്ക. തുരങ്കമേഖലയിൽ മണ്ണ് പരിശോധന നടത്തി സാധ്യത പഠിച്ചാലേ ഇവിടെ തുരങ്കമാണോ സാധാരണപാതയാണോ എന്ന് ഉറപ്പുപറയാനാവുക എന്നാണ് ബന്ധപ്പെട്ട എൻജിനീയർമാർ ഇരകൾക്ക് നൽകുന്ന സൂചന.
തുരങ്കപദ്ധതി പറ്റില്ലെങ്കിൽ സാധാരണപാത തന്നെ വരും. ചുരുക്കത്തിൽ 'ഡമോക്ലസിന്റെ വാൾ' പോലെ തുരങ്കപാതമേഖലയിലുള്ളവർക്ക് അനിശ്ചിതകാലം ആശങ്കയോടെ കഴിയേണ്ട അവസ്ഥ. പദ്ധതിക്കായി കെട്ടിടമൊഴിപ്പിക്കലോ കുടിയൊഴിപ്പിക്കലോ വേണ്ടി വരില്ലെന്നതാണ് തുരങ്കപാതയുടെ നേട്ടമായി പറയുന്നത്. തുരങ്കം പറ്റില്ലെങ്കിൽ സ്ഥലമേറ്റെടുക്കേണ്ടിവരും. ഇതു സംബന്ധിച്ച അനിശ്ചിതത്വം ആശങ്ക ഇരട്ടിയാക്കുകയാണെന്ന് ആക്ടിവിസ്റ്റും കെ–റെയിൽ വിരുദ്ധസമിതി പ്രവർത്തകയുമായ ഷീജ നടക്കാവ് പറയുന്നു.
കടൽ കൂടുതൽ കര കൈയടക്കുന്ന പ്രതിഭാസമുള്ള മേഖലയിലാണ് തുരങ്കപാത പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. തുരങ്കം വരുമെന്ന് പറയുന്ന പ്രദേശത്ത് നിന്ന് ഒരു കിലോമീറ്റർ അകലെയാണ് കടൽ. പന്നിയങ്കരയിൽനിന്ന് തുടങ്ങി വെസ്റ്റ് ഹിൽ വരെ തുരങ്കത്തിനടിയിലാണ് സിൽവർലൈൻ പദ്ധതി. ഇതിൽ കല്ലായിപ്പുഴയും ഉൾപ്പെടും. കല്ലായി റെയിൽവേ സ്റ്റേഷന് സമീപത്ത് നിലവിലുള്ള ഗുഡ്സ് വാഗൺ ട്രാക്കിന് പടിഞ്ഞാറുവശത്തുകൂടിയാണ് സിൽവർലൈൻ പാത കല്ലായിപ്പുഴക്കടിയിലേക്ക് പ്രവേശിക്കുക. പുഴയുടെ അടിത്തട്ടിൽനിന്ന് 18 മീറ്റർ ആഴത്തിലായിരിക്കും റെയിൽപാത എന്നാണ് ഡി.പി. ആറിൽ പറയുന്നത്. പുഴ കടന്നുവരുന്ന പാത നിലവിലെ നാലാം റെയിൽവേ പ്ലാറ്റ് ഫോമിന്റെ പടിഞ്ഞാറ് വശത്തേക്ക് പോകും. സിൽവർലൈൻ റെയിൽവേ സ്റ്റേഷൻ തുരങ്കത്തിലാണ്. ഇതിന്റെ പ്രായോഗികതയിൽ വിദഗ്ധർ സംശയം പ്രകടിപ്പിക്കുന്നുണ്ട്.
പദ്ധതി വന്നാലും ഇല്ലെങ്കിലും ഇതിെൻറ പേരിൽ മേഖലയിലെ ഭൂമി മരവിപ്പിച്ചുനിർത്തുന്നതാണ് തലമുറയെ തന്നെ ആശങ്കയിലാക്കുന്നത്. നഗരത്തിൽ നാമമാത്ര അളവിൽ ഭൂമിയിൽ താമസിക്കുന്നവർക്ക് വീടുവെക്കാനോ നന്നാക്കാനോ ബാങ്ക്ലോൺ പോലും കിട്ടാത്ത അവസ്ഥയാണെന്ന് ഇരകൾ ചൂണ്ടിക്കാട്ടുന്നു.
പദ്ധതിയുടെ സാമൂഹികാഘാതപഠനത്തിന് ജനുവരി ആദ്യവാരം സർക്കാർ വിജ്ഞാപനം വന്നുവെങ്കിലും നടപടികളൊന്നും ആരംഭിച്ചിട്ടില്ല. കൊയിലാണ്ടിയിലെ സ്വകാര്യ ഏജൻസിക്കാണ് പഠനം നടത്താനുള്ള കരാർ ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.