കോഴിക്കോട്: നഗരത്തിൽ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ ലഹരിയിലേക്ക് നീങ്ങാതിരിക്കാൻ പരിശോധന തുടരുന്നു. ഹയർ സെക്കൻഡറി, കോളജ് വിദ്യാർഥികളുടെ ഒത്തുചേരലാണ് പൊലീസ് ശ്രദ്ധിക്കുന്നത്. വ്യാഴാഴ്ച ആറ് ഹോട്ടലുകളിലാണ് പരിശോധിച്ചത്. വെള്ളിയാഴ്ച നഗരത്തിലെ നാല് പ്രമുഖ ഹോട്ടലുകളിലും പൊലീസെത്തി. പ്രായപൂർത്തിയാകാത്ത വിദ്യാർഥികളാണ് ഒത്തുചേർന്നത്. ഇവിടെ ലഹരി മരുന്ന്, മദ്യം എന്നിവ ഉപയോഗിക്കുന്നുണ്ടോയെന്നും പരിശോധിച്ചു. ലഹരി വസ്തുക്കളൊന്നും കണ്ടെടുത്തിട്ടില്ല. ഹോട്ടലുകാർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. കുട്ടികൾക്ക് ഡി.ജെ പാർട്ടികൾ നടത്തരുതെന്നാണ് പ്രധാന നിർദേശം.
ഹാളുകളിൽ ചടങ്ങ് നടത്തിയാലും മൈക്ക് ഉപയോഗിച്ച് പ്രസംഗിക്കുകയോ പാടുകയോ ചെയ്യാം. ഭക്ഷണം കഴിച്ച് പിരിഞ്ഞുപോകാമെന്നും പൊലീസ് അറിയിച്ചു. രാത്രിയിൽ ഇത്തരം പരിപാടികൾ നടത്തുന്നതിനും നിയന്ത്രണമുണ്ട്. മുതിർന്നവർക്കും ഹോട്ടലുകളിലെ പാർട്ടികൾ രാത്രി പത്തിന് ശേഷം നടത്താൻ പാടില്ല. പുതുവത്സരത്തോടനുബന്ധിച്ച് ലഹരിപ്പാർട്ടികൾ നടത്തിയാൽ ഹോട്ടലുകാർക്കും റിസോർട്ടുകാർക്കുമെതിരെയും നടപടിയുണ്ടാകും.
ക്രിസ്മസ് അവധിക്കാലത്ത് വിദ്യാഭ്യാസ സ്ഥാപനത്തിെൻറയും രക്ഷിതാക്കളുടെയും അറിവില്ലാതെ ഹോട്ടലുകളിലും റിസോർട്ടുകളിലും പാർട്ടികൾ നടത്തുന്നുണ്ട്. വീട്ടിലറിയിക്കാതെയാണ് വന്നതെന്നാണ് പരിശോധനക്കിടെ കുട്ടികൾ പറഞ്ഞത്. വാട്സ്ആപ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങൾ വഴിയാണ് വിദ്യാർഥികളെ ആകർഷിക്കുന്നത്. ഇതിനായി വിവിധ വാട്സ്ആപ് ഗ്രൂപ്പുകളുമുണ്ടാക്കിയിട്ടുണ്ട്. പണം പങ്കിട്ടെടുക്കുന്നതിനൊപ്പം ചിലരുടെ സഹായവും ലഭിക്കുന്നുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. ഹോട്ടലുകളും റിസോർട്ടുകളും ബുക്ക് ചെയ്യുന്നതും മുതിർന്നവരാണ്. ലഹരി ഉപയോഗത്തിെൻറ വഴിതുറക്കാൻ ചിലർ ഈ പാർട്ടികളെ ദുരുപയോഗിക്കുകയാണെന്നാണ് പൊലീസ് സംശയിക്കുന്നത്. എന്നാൽ, വെറും ഒത്തുചേരൽ മാത്രമാണെന്നാണ് വിദ്യാർഥികളുടെ നിലപാട്. വരുംദിവസങ്ങളിലും നഗരത്തിൽ കർശന പരിശോധന തുടരുമെന്നും രക്ഷിതാക്കളും അധ്യാപകരും ജാഗ്രത പുലർത്തണമെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.