കോഴിക്കോട്: ജില്ലയിൽ വേനൽച്ചൂട് വൻതോതിൽ കൂടുന്നു. കുംഭം, മീനം മാസങ്ങളിലാണ് പൊതുവേ ചൂട് കൂടുതൽ അനുഭവപ്പെടാറെങ്കിലും ബുധനാഴ്ച കുഭം തുടങ്ങിയതിനുമുമ്പുതന്നെ പലഭാഗത്തും ചൂട് അസഹ്യമായിരുന്നു. ചൂട് വരും ദിവസങ്ങളിൽ ഇനിയും കൂടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അഭിപ്രായപ്പെടുന്നത്. ഇതിനോടകം ജില്ലയിലെ താപനില 36.7 ഡിഗ്രി വരെയാണ് എത്തിയത്. ബുധനാഴ്ച 35.5 ഡിഗ്രിയാണ് താപനില. സംസ്ഥാന തലത്തിൽ നോക്കുമ്പോൾ പൊതുവേ ഉയർന്ന താപനിലയാണ് കോഴിക്കോട്ടേത്. ചൂട് കൂടിയതുമൂലമുള്ള ആരോഗ്യ പ്രശ്നങ്ങളില്‍ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
ഉഷ്ണം അധികരിച്ചുവരുന്നതിനാൽ സൂര്യാതപം, സൂര്യാഘാതം, പകര്‍ച്ചവ്യാധികള്‍ എന്നിവക്ക് സാധ്യതയുണ്ട്. പകൽ സമയങ്ങളിൽ പുറത്ത് ജോലി ചെയ്യുന്നവർ രാവിലെ 11 മുതല്‍ മൂന്നു വരെയുള്ള സമയം നേരിട്ട് വെയില് ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. തുലാമഴയുടെ അളവ് കുറഞ്ഞതാണ് ഉഷ്ണം നേരത്തെയെത്താൻ കാരണമായി പറയുന്നത്. ചൂട് വർധിക്കുന്നതിനാൽ വരുംനാളുകളിൽ ജില്ലയുടെ പലഭാഗത്തും ജലക്ഷാമം, വരൾച്ച, വിളനാശം എന്നിവയുടെ ഭീഷണിയും നിലനിൽക്കുന്നുണ്ട്.
ചൂടുകാലത്ത് ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണ്. നിർജലീകരണം ശരീരത്തിലെ താപനില നിയന്ത്രിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടാക്കുകയും അമിത ക്ഷീണത്തിന് കാരണമാവുകയും ചെയ്യും. ചെങ്കണ്ണ്, ചിക്കൻപോക്സ്, വൈറൽ പനികൾ എന്നിവക്കും ചൂടുകാലത്ത് സാധ്യത കൂടുതലാണ്. വേനൽക്കാല വ്യക്തിശുചിത്വം പാലിക്കാൻ ദിവസം രണ്ടുനേരം കുളിക്കുന്നത് നല്ലതാണ്. അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കാനും ശ്രദ്ധിക്കണം.
ചൂടുകാലത്ത് ശരീരത്തിൽ ജലനഷ്ടമുണ്ടാകുന്നതിനാൽ ഇടക്കിടെ വെള്ളം കുടിക്കണം. ദിവസം രണ്ടര മുതൽ മൂന്ന് ലിറ്റർ വരെ വെള്ളം കുടിക്കാം. നാരങ്ങവെള്ളം, കഞ്ഞിവെള്ളം, മോര്, ഇളനീർ, ജീരകവെള്ളം എന്നിവ പോഷക ഗുണങ്ങൾ ഏറെയുള്ളതാണ്. വയർ നിറയെ ഭക്ഷണം കഴിക്കുന്നതിനുപകരം ജലാംശം കൂടുതലുള്ള പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
ശ്രദ്ധിക്കാം തീപിടിത്തം
വേനൽക്കാലത്ത് തീപിടിത്ത സാധ്യത കൂടുതലാണ്. വീടുകളില്‍ ചപ്പുചവറുകള്‍ കൂട്ടിയിട്ട് കത്തിക്കുമ്പോള്‍ തീ പടരാതിരിക്കാൻ ശ്രദ്ധിക്കണം. ശക്തമായ കാറ്റുള്ള സമയത്തും രാത്രിയിലും തീയിടരുത്. തീ പൂര്‍ണമായും അണഞ്ഞശേഷമേ സ്ഥലത്തുനിന്നും പോകാവൂ. ആവശ്യമെങ്കില്‍ വെള്ളം നനച്ച് കനല് കെടുത്തണം. കത്തിച്ച സിഗരറ്റുകുറ്റികള്‍ അലക്ഷ്യമായി വലിച്ചെറിയുന്നത് തീപിടിത്തത്തിന് കാരണമാവും. തീ പടരാന്‍ സാധ്യതയുള്ളവയുടെ സമീപത്ത് ചപ്പുചവറുകള്‍ കത്തിക്കരുത്. വഴിയോരങ്ങളില്‍ മാലിന്യം കൂട്ടിയിട്ട് കത്തിക്കരുത്. പറമ്പുകളിലെ ഉണങ്ങിയ പുല്ലുകള്‍, കുറ്റിച്ചെടികള്‍ എന്നിവ വേനല്‍ കടുക്കും മുമ്പ് വെട്ടി വൃത്തിയാക്കണം.
ശ്രദ്ധിക്കാം സൂര്യാഘാതവും സൂര്യാതപവും
ശരീരത്തില്‍ കനത്ത ചൂട് നേരിട്ടേല്ക്കുന്നതാണ് സൂര്യാഘാതം. അന്തരീക്ഷ താപം പരിധിക്കപ്പുറം ഉയരുന്നതോടെ ശരീരത്തിലെ താപനിയന്ത്രണ സംവിധാനം തകരാറിലായി ശരീരതാപം പുറത്തേക്ക് പോകാൻ തടസ്സമുണ്ടായി ആരോഗ്യ പ്രശ്നമുണ്ടാവുന്ന അവസ്ഥയാണിത്. ശരീരോഷ്മാവ് കുറയൽ, ശ്വസന പ്രക്രിയയിൽ തടസ്സം, തലവേദന, ക്ഷീണം, ബോധക്ഷയം, പേശീവലിവ് തുടങ്ങിയവയാണ് ലക്ഷണം. നേരിട്ട് വെയിലേറ്റ ശരീരഭാഗങ്ങൾ ചുവന്ന് തുടുക്കുകയും വേദനയും പൊള്ളലും നീറ്റലും ഉണ്ടാവുന്നതുമാണ് സൂര്യാതപം. കടുത്ത ചൂടിനെ തുടർന്ന് ശരീരത്തിൽ നിന്ന് ധാരാളം ജലവും ലവണങ്ങളും വിയർപ്പിലൂടെ നഷ്ടപ്പെടുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. സൂര്യാഘാതത്തേക്കാൾ കാഠിന്യം കുറഞ്ഞതാണിത്. അമിതമായ വിയർപ്പ്, ക്ഷീണം, തലകറക്കം, ഓക്കാനം, ഛർദി, ബോധക്ഷയം തുടങ്ങിയവയാണ് ലക്ഷണങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.