താമരശ്ശേരി: ലഹരി ഉപയോഗവും വിപണനവും ഗുണ്ടായിസവും വ്യാപകമായ സാഹചര്യത്തില്‍ ഇവയെ ജനകീയമായി ചെറുക്കാന്‍ പദ്ധതികളുമായി മഹല്ല് കമ്മിറ്റികള്‍ രംഗത്ത്. പള്ളികള്‍ കേന്ദ്രീകരിച്ച് ബോധവത്കരണം ശക്തമാക്കിയുള്ള വിവിധ പദ്ധതികളാണ് താമരശ്ശേരിക്കടുത്ത കുടുക്കിലുമ്മാരം, അമ്പായത്തോട് മുഈനുല്‍ ഇസ്ലാം മഹല്ല് കമ്മിറ്റി, ഹയാത്തുല്‍ ഇസ്ലാം മഹല്ല് കമ്മിറ്റികൾ ആവിഷ്കരിച്ചത്. നബിദിനപരിപാടി ലഹരി ബോധവത്കരണത്തിന് ഉപയോഗിക്കും. പ്രദേശത്തെ കലാസാംസ്കാരിക- സാമൂഹിക വ്യക്തിത്വങ്ങള്‍, ക്ഷേത്രകമ്മിറ്റികള്‍ മറ്റു സന്നദ്ധ സംഘടനകൾ എന്നിവരെ സഹകരിപ്പിച്ച് ജനകീയസമിതി രൂപവത്കരിക്കുമെന്ന് കുടുക്കിലുമ്മാരം ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി പ്രസിഡന്റ് ബാബു കുടുക്കില്‍ പറഞ്ഞു.
അഞ്ച് ക്ലസ്റ്ററുകളാക്കി തിരിച്ച് ജാഗ്രതാസമിതി രൂപവത്കരിക്കും. വെള്ളിയാഴ്ചകളില്‍ ഖുത്ത്ബക്ക് മുമ്പ് പത്ത് മിനിറ്റ് ലഹരിവിപത്തിനെതിരെ ബോധവത്കരണം നടത്തും. ലഹരി ഉപയോഗിക്കുന്നവര്‍ക്ക് കൗണ്‍സലിങ് നൽകാൻ സംവിധാനമൊരുക്കും. ഡീ അഡിക്ഷന് സെന്ററുകളില്‍ കൊണ്ടുപോകേണ്ടവർക്ക് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചികിത്സ നൽകും.
അമ്പായത്തോട്ടിലെ രണ്ട് മഹല്ല് കമ്മിറ്റികളും അമ്പായത്തോട് മേഖല മഹല്ല് കോഓഡിനേഷന്‍ സമിതിയും ചേര്‍ന്ന് ‘കൈകോര്‍ക്കാം, മഹാവിപത്തിനെതിരെ’ എന്ന പേരില്‍ ബോധവത്കരണ പ്രചാരണം നടത്തും. പ്രദേശത്ത് ലഹരിമാഫിയകളെ അമര്‍ച്ചചെയ്യാന്‍ അഞ്ച് തീരുമാനങ്ങള്‍ പ്രദേശത്ത് നടപ്പാക്കും. രാത്രി 10നുശേഷം അമ്പായത്തോട് പ്രദേശങ്ങളില്‍ വ്യക്തമായ കാരണങ്ങളില്ലാതെ അനാവശ്യമായ കൂടിച്ചേരലുകള്‍, പുറത്തുനിന്നുള്ള വാഹനങ്ങളുടേയും ആളുകളുടെയും വരവ് എന്നിവ കമ്മിറ്റി നിരീക്ഷിക്കും. വീടുകള്‍ കേന്ദ്രീകരിച്ച് ലഹരിവിൽപന നിരീക്ഷിക്കും. അത്തരം വീട്ടുകാരെ പിന്തിരിപ്പിക്കാൻ നടപടി സ്വീകരിക്കും. വീട്ടിലെ ഏതെങ്കിലും അംഗം ലഹരിവിപണന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെങ്കില്‍ ഒരുവിധ കമ്മിറ്റിയുടെ ഭാഗത്തുനിന്നുള്ള സഹായങ്ങൾ നിർത്തിവെക്കും. കൗൺസലിങ് അടക്കമുള്ള ചികിത്സകള്‍ക്ക് കമ്മിറ്റി വേണ്ട സഹായം നൽകും. ഇതിന് കോഓഡിനേഷന്‍ സമിതിയുമായി ബന്ധപ്പെടണം. ലഹരി ഉൽപന്നങ്ങൾ വിറ്റ് ലഭിക്കുന്ന സാമ്പത്തിക ആനുകൂല്യങ്ങള്‍ നിരസിക്കും.
ലഹരിമേഖലയിലുള്ളവരുടെ സംഭാവനകളും സൽക്കാരങ്ങളും സ്വീകരിക്കില്ല. കമ്മിറ്റിയുടെ മുന്നറിയിപ്പിന് ശേഷവും ലഹരി പ്രവർത്തനവുമായി മുന്നോട്ടുപോകുന്നവരുമായും കുടുംബവുമായും മഹല്ല് കമ്മിറ്റിക്ക് ഒരു ബന്ധവും ഉണ്ടാവില്ല. അവരുടെ വീടുകളില്‍ നടക്കുന്ന വിവാഹം, മരണം മറ്റു വിശേഷ ചടങ്ങുകള്‍ എന്നിവയിൽ മഹല്ലിലെ ഉത്തവാദിത്തപ്പെട്ടവര്‍ പങ്കെടുക്കില്ല. അവരില്‍നിന്ന് സാമ്പത്തികമായി ഒരു വരുമാനവും മഹല്ല് കമ്മിറ്റി ഈടാക്കില്ലെന്നും തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. താമരശ്ശേരി അമ്പലമുക്കിലെ കൂരിമുണ്ടയില്‍ പ്രവാസിയുടെ വീട്ടിലെത്തി ലഹരിമാഫിയ ഗുണ്ടായിസം നടത്തിയതിന് പിന്നാലെയാണ് ലഹരിക്കെതിരായ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ മഹല്ല് കമ്മിറ്റികള്‍ ഉള്‍പ്പെടെ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.