കോഴിക്കോട്: കച്ചവടങ്ങളുടെ മറവിൽ നഗരത്തിൽ ബാല ഭിക്ഷാടനവും ബാലവേലയും വർധിക്കുന്നു. ബീച്ചിലുൾപ്പെടെ നഗരത്തിലെ വിവിധ ഭാഗങ്ങളിലാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന കുടുംബങ്ങളിലെ മുതിർന്നവർ കുട്ടികളെ ഭിക്ഷാടനത്തിനയക്കുന്നത്. തൊണ്ടയാട്, പൂളാടിക്കുന്ന്, മലാപ്പറമ്പ് ഉൾപ്പെടെ പ്രധാന ജങ്ഷനുകളിലും സമാന കാഴ്ചയാണ്.
സിഗ്നലുകളിൽ വാഹനം നിർത്തുമ്പോൾ കുട്ടികൾ ഓടിച്ചെല്ലുകയും സാധനങ്ങൾ വിൽക്കുകയും യാത്രക്കാരോട് ഭിക്ഷ യാചിക്കുകയുമാണ്. പലപ്പോഴും റോഡിലെ അപകടങ്ങളിൽനിന്ന് ഭാഗ്യംകൊണ്ട് മാത്രമാണ് ഈ കുട്ടികൾ രക്ഷപ്പെടുന്നത്. കുട്ടികളെ ഭിക്ഷാടനത്തിനയച്ച് രക്ഷിതാക്കൾ ദിവസേന വലിയ തുക കൈക്കലാക്കുന്നുമുണ്ട്. ഇത്തരക്കാർക്ക് പ്രാദേശികമായി ചിലരുടെ സഹായം ലഭിക്കുന്നുണ്ടെന്ന സൂചനയുമുണ്ട്.
ബാലവേലയും ബാലഭിക്ഷാടനവും തടയുന്നതിന്റെ ഭാഗമായി രണ്ടുമാസത്തിനുള്ളിൽ ചൈൽഡ് ലൈൻ നേതൃത്വത്തിൽ നടത്തിയ ഏഴോളം സ്പെഷൽ ഡ്രൈവുകളിൽ രണ്ടു കുട്ടികളെ മോചിപ്പിച്ചിരുന്നു. കോഴിക്കോടിനെ ബാലവേല വിമുക്ത ജില്ലയായി പ്രഖ്യാപിച്ചിട്ടും ഇതാണ് അവസ്ഥ.
ബീച്ച് കേന്ദ്രീകരിച്ചാണ് ബലൂൺ കച്ചവടം ഉൾപ്പെടെ നടത്തുന്ന നാടോടി കുടുംബങ്ങൾ ഏറെയുമുള്ളത്. ഒരുഭാഗത്ത് രക്ഷിതാക്കൾ കച്ചവടം ചെയ്യുമ്പോൾ മറുഭാഗത്ത് കുട്ടികൾ ഭിക്ഷയാചിക്കുകയാണ്. ചില രക്ഷിതാക്കൾ കുഞ്ഞുങ്ങളെ കച്ചവടത്തിന് പറഞ്ഞയക്കുന്നുമുണ്ട്. പത്തുവയസ്സിന് താഴെ പ്രായമുള്ളവരാണ് കുട്ടികളിൽ ഏറെയും.
കഴിഞ്ഞദിവസം ചൈൽഡ് വെൽഫെയർ കമ്മിറ്റി, ചൈൽഡ് ലൈൻ, കോർപറേഷൻ ആരോഗ്യവിഭാഗം, തൊഴിൽ വകുപ്പ്, ചൈൽഡ് പൊലീസ് വിങ്, ആന്റി ഹ്യൂമൻ ട്രാഫിക്കിങ് വിഭാഗം എന്നിവരുടെ നേതൃത്വത്തിൽ നാടോടി കുടുംബങ്ങളെ ബീച്ചിൽനിന്ന് ഒഴിപ്പിച്ചിരുന്നു. കച്ചവടത്തിന്റെ മറവിൽ കൊച്ചുകുട്ടികളെ കൊണ്ട് ഭിക്ഷാടനം നടത്തുന്നതായും ബാലവേലയ്ക്ക് വിധേയരാക്കുന്നതായും വ്യാപക പരാതി ഉയർന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
എന്നാൽ, ഉദ്യോഗസ്ഥർ മടങ്ങി മിനിറ്റുകൾക്കകം തൊഴിലാളികൾ തിരികെയെത്തി. രാത്രി ഏറെ വൈകിയും ബീച്ചിലുൾപ്പെടെ കുട്ടികൾ അലഞ്ഞുതിരിഞ്ഞ് നടക്കുന്നുണ്ട്. ഇവരെ ശ്രദ്ധിക്കാൻ രക്ഷിതാക്കൾ തയാറാവുന്നുമില്ല. മുമ്പ് പലതവണ തൊഴിലാളികൾക്ക് ബോധവത്കരണം നടത്തുകയും പലപ്പോഴായി ഇവരെ ബീച്ച് പരിസരങ്ങളിൽനിന്ന് ഒഴിപ്പിക്കുകയും ചെയ്തിരുന്നു.
നാടോടികളായി അലയുന്ന ഇവർക്ക് നഗരത്തിൽ ഒരിടത്തും സ്ഥിര താമസ സ്ഥലമില്ല. നടപ്പാതകളിലും മറ്റുമാണ് അന്തിയുറങ്ങുന്നത്. പൊതുയിടങ്ങളിൽ തന്നെ ഇവർ മലമൂത്ര വിസർജനം നടത്തുന്നുമുണ്ട്. ഒട്ടും സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ കുട്ടികളുമൊത്ത് കഴിയുന്ന ഇവർക്ക് തണലേകേണ്ടത് അത്യാവശ്യമാണ്.
2017ല്‍ പരീക്ഷണാടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിയ പദ്ധതിയാണ് ശരണബാല്യം. ശബരിമല തീർഥാടന കാലത്ത് ഇതര സംസ്ഥാനത്തുനിന്ന് കുട്ടികളെ ബാല ഭിക്ഷാടനത്തിനായും ബാലവേലക്കായും കൊണ്ടുവരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റിന്റെ നേതൃത്വത്തില്‍ പത്തനംതിട്ടയില്‍ തുടങ്ങിയ പദ്ധതിയാണിത്.
ബാലവേലയില്‍ ഏര്‍പ്പെടുന്ന കുട്ടികള്‍, തെരുവില്‍ അലയുന്നതും ഭിക്ഷ യാചിക്കുന്നതുമായ കുട്ടികള്‍, മനുഷ്യക്കടത്തിനു വിധേയമാകുന്ന കുട്ടികള്‍ എന്നിവരെ കണ്ടെത്തി സംരക്ഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വനിത ശിശുവികസന വകുപ്പ് 2018ല്‍ ശരണബാല്യം പദ്ധതി സംസ്ഥാന വ്യാപകമാക്കി. ജില്ല ശിശുസംരക്ഷണ യൂനിറ്റുകളില്‍ ഒരു റെസ്ക്യൂ ഓഫിസറെ വീതം നിയോഗിച്ചാണ് ഈ പദ്ധതി സംസ്ഥാന വ്യാപകമാക്കിയത്. ബാലവേലയോ ബാലചൂഷണമോ നടക്കുന്ന വിവരമറിയിച്ചാല്‍ വനിത ശിശുവികസന വകുപ്പ് 2,500 രൂപ പാരിതോഷികവും നല്‍കും.
ബാലചൂഷണം നടക്കുന്നതായി ശ്രദ്ധയില്‍പെട്ടാല്‍ ജില്ല ശിശു സംരക്ഷണ യൂനിറ്റില്‍ നേരിട്ടോ 0495 2378920 എന്ന ഫോണ്‍ മുഖേനയോ saranabalyamkkd@gmail.com എന്ന ഇ-മെയില്‍ മുഖേനയോ പൊതുജനങ്ങള്‍ക്ക് വിവരം നല്‍കാം. ഹെൽപ് ലൈൻ ടോൾ ഫ്രീ നമ്പറായ 1098ലും വിവരങ്ങൾ അറിയിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.