യാത്രക്കാരനെ അപമാനിച്ച കണ്ടക്ടറെ വിളിച്ചുവരുത്തി താക്കീത് ചെയ്തു

കോഴിക്കോട്: യാത്രക്കാരനോട് മോശമായി പെരുമാറിയ സ്വകാര്യ ബസ് കണ്ടക്ടറെ റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ വിളിച്ചുവരുത്തി താക്കീത് ചെയ്തു. ആവർത്തിക്കാതിരിക്കാൻ കർശന നിരീക്ഷണം നടത്തുമെന്നും പെർമിറ്റ് ചട്ടങ്ങൾ പാലിച്ച് വണ്ടിയോടിക്കാൻ ബസുടമക്ക് ശക്തമായ നിർദേശം നൽകിയെന്നും കോഴിക്കോട് ആർ.ടി.ഒ പരാതിക്കാരനായ യാത്രക്കാരനെ അറിയിച്ചു.

കഴിഞ്ഞ മാർച്ച് എട്ടിന് കണ്ണൂർ-കോഴിക്കോട് റൂട്ടിൽ ഓടുന്ന കെ.എൽ 56 ക്യു 8334 നമ്പർ ശ്രീമുരുകൻ ബസിൽ യാത്രചെയ്ത എരഞ്ഞിക്കൽ ബാപ്പയിൽ കിരൺ ബാബു നൽകിയ പരാതിയിലാണ് നടപടി. കൊയിലാണ്ടിക്ക് പാവങ്ങാട്ടുനിന്ന് കയറിയ യാത്രക്കാരൻ വണ്ടിയിൽ അനുവദനീയമായതിലുമധികം ആളെ കുത്തിനിറച്ചതിനെപ്പറ്റി പറഞ്ഞപ്പോൾ 'താൻ കാറ് വിളിച്ച് പോയിക്കോളൂ'വെന്ന് പറഞ്ഞ് കൊടുത്ത പണം ബലമായി പോക്കറ്റിലിട്ട് വണ്ടിയിൽനിന്ന് പിടിച്ചിറക്കാൻ ശ്രമിച്ച് അപമാനിച്ചുവെന്നാണ് പരാതി.

അസഭ്യവർഷവും നടത്തി. ബസിലെ പരാതിബുക്കിനെപ്പറ്റി ചോദിച്ചപ്പോൾ പരാതിബുക്കില്ലെന്നും എവിടെ വേണമെങ്കിലും പരാതി കൊടുത്തോയെന്ന് കളിയാക്കുകയും ചെയ്തു. കണ്ടക്ടർ നൽകിയ ടിക്കറ്റ് പരിശോധിച്ചതിൽ 2009 നവംബർ 26 എന്ന് തെറ്റായി രേഖപ്പെടുത്തിയതായും കണ്ടു. പെർമിറ്റിനു വിരുദ്ധമായ ഇത്തരം നടപടികൾ ചൂണ്ടിക്കാട്ടി നൽകിയ പരാതിയിലാണ് നടപടി. കണ്ടക്ടറുടെ വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് നടപടിയെന്ന് ആർ.ടി.ഒ യാത്രക്കാരന് നൽകിയ അറിയിപ്പിൽ പറയുന്നു.

Tags:    
News Summary - The conductor who insulted the passenger was called and warned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.