ബേപ്പൂർ: ആഴക്കടൽ മീൻപിടിത്തത്തിനിടെ ബോട്ടിൽനിന്ന് കടലിൽ വീണ മത്സ്യത്തൊഴിലാളിയെ കണ്ടെത്തിയില്ല. ഫെബ്രുവരി 17ന് ബേപ്പൂരിൽനിന്ന് മീൻപിടിത്തത്തിന് പോയ 'സഹാറാസ്' ബോട്ടിലെ തൊഴിലാളി പശ്ചിമബംഗാളിലെ സൗത്ത് പർഗാനാസ് സ്വദേശി ശംഭുദാസിനെയാണ് (34) വെള്ളിയാഴ്ച രാത്രി കണ്ണൂർ ഏഴിമലക്കു സമീപം കാണാതായത്.
കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ തൊഴിലാളിക്കായി കടലിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല. തീരസംരക്ഷണ സേനയുടെ ചാർളി 404 കപ്പലും ഡോണിയർ വിമാനവും അപകടമേഖലയിൽ വ്യാപക തിരച്ചിൽ നടത്തി. കണ്ണൂരിൽനിന്നുള്ള മത്സ്യത്തൊഴിലാളികൾക്കൊപ്പം തീരദേശ പൊലീസും ഫിഷറീസ് ബോട്ടും തിരച്ചിലിൽ പങ്കെടുത്തിരുന്നു. ബോട്ടിലെ സ്രാങ്ക് നൽകിയ വിവരപ്രകാരം ഏഴിമലക്ക് 39 നോട്ടിക്കൽ മൈൽ അകലെവെച്ചാണ് ശംഭുദാസിനെ കാണാതായത്.
ബോട്ടിൽ 12 ജോലിക്കാരാണ് ഉണ്ടായിരുന്നത്. ബേപ്പൂർ ഹാർബറിൽനിന്ന് ബോട്ട് മീൻപിടിത്തത്തിന് പുറപ്പെടുമ്പോൾ ഒരു ജീവനക്കാരെൻറ കുറവുണ്ടായപ്പോൾ ഹാർബറിലുണ്ടായിരുന്ന ശംഭുദാസിനെ പ്രത്യേകം ജോലിക്ക് കയറ്റുകയായിരുന്നു. ബോട്ടുടമ ബേപ്പൂർ സ്വദേശി വളപ്പിൽ ഹമീദ് നൽകിയ പരാതിയിൽ തീരദേശ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.