കോഴിക്കോട്: സാംസ്കാരിക തീർഥാടനകേന്ദ്രമാവുംവിധം വൈക്കം മുഹമ്മദ് ബഷീറിന് നഗരത്തിൽ ഉചിതമായ സ്മാരകം ഒരുക്കാനുള്ള കോർപറേഷൻ തീരുമാനത്തിന് ചിറകുമുളക്കുന്നു. ബജറ്റിൽ പുതിയതായി പ്രഖ്യാപിച്ച മലബാർ ലിറ്റററി ടൂറിസം സർക്യൂട്ടിൽ ബേപ്പൂരിനെ ഉൾപ്പെടുത്തിയതാണ് പ്രതീക്ഷയേറ്റിയത്. ബേപ്പൂരില്‍ വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരകം നിര്‍മിക്കുന്നതിന് കോർപറേഷൻ തയാറാക്കിയ കരട് രൂപരേഖ മേയർ ഡോ. ബീന ഫിലിപ്പിെൻറ നേതൃത്വത്തിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസിന് കൈമാറി.
സ്മാരകം യാഥാർഥ്യമാക്കാൻ അടിയന്തര സർക്കാർ സഹായമുണ്ടാവുമെന്ന് മന്ത്രി അറിയിച്ചു. ആര്‍ക്കിടെക്ട് വിനോദ് സിറിയക് തയാറാക്കിയ രൂപരേഖയാണ് മേയറും െഡപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദും മറ്റ് ഉയർന്ന ഉദ്യോഗസ്ഥരും ചേർന്ന് മന്ത്രിക്ക് കൈമാറിയത്. ബജറ്റിൽ പ്രഖ്യാപിച്ച സാഹിത്യ സർക്യൂട്ടിൽ തുഞ്ചത്തെഴുത്തച്ഛൻ, വൈക്കം മുഹമ്മദ് ബഷീർ, ഒ.വി. വിജയൻ, എം.ടി. വാസുദേവൻ നായർ എന്നിവരിലൂടെ പ്രശസ്തി നേടിയ തുഞ്ചൻ സ്മാരകം, ബേപ്പൂർ, തസ്രാക്ക്, ഭാരതപ്പുഴയുടെ തീരങ്ങൾ, പൊന്നാനി, തൃത്താല എന്നീ സ്ഥലങ്ങളാണ് ഉൾക്കൊള്ളിച്ചത്.
ബഷീറിെൻറ വീടും നഗരസഭ നിർമിക്കുന്ന ബഷീർ സ്മാരകവുമെല്ലാം ബേപ്പൂരിലായതിനാലാണ് പുതിയ പ്രഖ്യാപനം പ്രതീഷയേറ്റിയത്. സാഹിത്യത്തെ ടൂറിസവുമായി ബന്ധപ്പെടുത്തുന്ന ലിറ്റററി സർക്യൂട്ട് പദ്ധതിയുടെ ഭാഗമല്ലെങ്കിലും കോർപറേഷൻ സ്മാരകത്തിനും തുക ലഭ്യമാക്കുമെന്നാണ് മന്ത്രിയുടെ ഉറപ്പ്.
ആംഫി തിയറ്റർ, അക്ഷരത്തോട്ടം പാർക്ക്, ഓഡിറ്റോറിയം, സാംസ്കാരിക കേന്ദ്രം തുടങ്ങിയവയെല്ലാമുള്ള, ബഷീറിെൻറ ജീവിതവും സാഹിത്യവും മനസ്സിലാക്കാവുന്ന പഠനഗവേഷണ കേന്ദ്രം കൂടിയാണ് നഗരസഭ തയാറാക്കിയ രൂപരേഖയിലുള്ളത്.
ബഷീറിനെപ്പറ്റിയുള്ള വിവിധ ഭാഷകളിലുള്ള ഗ്രന്ഥങ്ങൾ, വിവർത്തനങ്ങൾ അദ്ദേഹത്തിെൻറ സ്മരണയുണർത്തുന്ന സാധനങ്ങൾ എല്ലാമുണ്ടാവും.
കുട്ടികൾക്കും പുതുതലമുറക്കും ബഷീറിനെ അടുത്തറിയാനാവും വിധമാവും സംവിധാനം. നഗരസഭയുടെ സ്ഥലത്ത് സർക്കാർ ഫണ്ട് ഉപയോഗിച്ച് ഉടൻ കേന്ദ്രം ഉയർത്തണമെന്നാണ് നഗരസഭ ഉദ്ദേശ്യം. കോർപറേഷൻ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് രൂപരേഖ തയാറാക്കി ചർച്ചചെയ്തിരുന്നു.
ബേപ്പൂര്‍ കമ്യൂണിറ്റി ഹാള്‍ പൊളിച്ചുമാറ്റി അവിടെ സ്മാരകം നിർമിക്കുന്നതിന് കൂടുതല്‍ സ്ഥലം ഏറ്റെടുക്കേണ്ടിവരും. ഹാളിെൻറ തെക്ക് 82.69 സെൻറ് സ്ഥലമാണ് ഏറ്റെടുക്കേണ്ടിവരുക. ബേപ്പൂര്‍ മണ്ഡലത്തിൽ ആയുര്‍വേദ ആശുപത്രിക്കായി കണ്ടെത്തിയ സ്ഥലത്ത് തീരസംരക്ഷണ നിയമപ്രകാരം കെട്ടിടം കെട്ടാന്‍ പറ്റാത്ത സ്ഥിതിവന്നു. തുടർന്നാണ് സ്മാരകത്തിന് സ്ഥലം കൈമാറാന്‍ തീരുമാനിച്ചത്.
2008ല്‍ കോർപറേഷൻ സ്മാരക ഉപദേശകസമിതി രൂപവത്കരിച്ചിരുന്നു. സമിതി ചെയർമാൻ കൂടിയായ അന്നത്തെ സാംസ്കാരികമന്ത്രി എം.എ. ബേബി 50 ലക്ഷം രൂപ അനുവദിച്ചിരുന്നെങ്കിലും സ്ഥലം ലഭ്യമായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.