കോഴിക്കോട്: ദലിത് യുവതിയുടെ ദുരൂഹ മരണത്തിൽ, ഒപ്പം താമസിച്ച യുവാവ് അറസ്റ്റിൽ. മാവൂർ പാറമ്മൽ സ്വദേശി പാലശ്ശേരി മുഹമ്മദ് അമലിനെയാണ് (22) മെഡിക്കൽ കോളജ് അസി. കമീഷണർ കെ. സുദർശനൻ അറസ്റ്റുചെയ്തത്. കുറ്റ്യാടി കായക്കൊടി സ്വദേശി പാറക്കൽ ആദിത്യ ചന്ദ്രയുടെ മരണത്തിലാണ് അറസ്റ്റ്.
നഗരപരിധിയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിചെയ്ത ആദിത്യയും അമലും ഒന്നരവർഷത്തോളമായി ഒരുമിച്ചായിരുന്നു താമസം. മേത്തോട്ടുതാഴം ഗണപതിക്കുന്നിലെ വാടക വീട്ടിൽ താമസിക്കവേ ജൂലൈ 13നാണ് ആദിത്യ മരിച്ചത്. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കങ്ങളെ തുടർന്നാണ് മരണമെന്നാണ് സംശയം.
മരണസമയം ആദിത്യയുടെ ദേഹത്തും അമലിന്റെ ദേഹത്തും പരിക്കുകളുണ്ടായിരുന്നുവെന്നതും സാഹചര്യത്തെളിവുകളുമാണ് സംഭവത്തിൽ ദുരൂഹത ഉയർത്തിയത്. മെഡിക്കൽ കോളജ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അമലിനെയടക്കം വിളിച്ച് ചോദ്യം ചെയ്തിരുന്നുവെങ്കിലും ആദ്യം അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല. ഇതിനിടെ, പട്ടികജാതി, വർഗ സംരക്ഷണ സമിതിയും യുവതിയുടെ പിതാവ് ചന്ദ്രനും മരണത്തിൽ ദുരൂഹതയുള്ളതായും ലഹരി മാഫിയയുടെ പങ്കടക്കം അന്വേഷിക്കണമെന്നും ചൂണ്ടിക്കാട്ടി സിറ്റി പൊലീസ് മേധാവിക്കും ഡി.ജി.പിക്കും പരാതി നൽകി. പിന്നാലെയാണ് ആത്മഹത്യ പ്രേരണ, വിവാഹ വാഗ്ദാനം നൽകി വഞ്ചിക്കൽ അടക്കമുള്ള കുറ്റങ്ങൾ ചുമത്തി പൊലീസ് മുഹമ്മദ് അമലിനെ അറസ്റ്റുചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.