നാദാപുരം: പുതിയ അധ്യയനവർഷം ഇന്ന് ആരംഭിക്കാനിരിക്കെ പൊതു വിദ്യാലങ്ങളിലേക്കുള്ള വിദ്യാർഥികളുടെ എണ്ണം കുറയുന്നതായി സൂചന. കോവിഡ് സമയത്ത് നിരവധി വിദ്യാർഥികൾ പൊതുവിദ്യാലയങ്ങളോട് അടുക്കുകയും പ്രവേശനം നേടുകയും ചെയ്തത് സർക്കാറും വിദ്യാഭ്യാസ വകുപ്പും വലിയ നേട്ടമായി കണക്കാക്കിയിരുന്നു.
എന്നാൽ, കഴിഞ്ഞ അധ്യയനവർഷം അമ്പതിനായിരത്തോളം കുട്ടികൾ പൊതുവിദ്യാലയങ്ങളിൽ കുറയുകയും അൺ എയ്ഡഡ് വിദ്യാലയങ്ങളിൽ വീണ്ടും കുട്ടികളുടെ എണ്ണം വർധിക്കുകയും ചെയ്തതായാണ് കണക്ക്. ഈ അധ്യയനവർഷവും നിലവിലെ സാഹചര്യം തുടരുന്നതായാണ് അധ്യാപകരും മറ്റും നൽകുന്ന സൂചനകൾ.
ജൂണിൽ നടക്കുന്ന ആറാം അധ്യയന ദിവസത്തിലെ കണക്കനുസരിച്ചാണ് സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ അന്തിമ എണ്ണം കണക്കാക്കുക. എന്നാൽ, നിലവിൽ പ്രവേശനം നേടിയ കുട്ടികളുടെ കണക്കനുസരിച്ച് ഡിവിഷൻ നിലനിർത്താൻ ആവശ്യമായ എണ്ണം പല സ്കൂളുകളിലും ലഭ്യമായിട്ടില്ല. സ്കൂൾ തുറക്കുന്നതോടെ വിദ്യാർഥികൾ ചേരാനായി എത്തുമെന്ന വിശ്വാസത്തിലാണ് അധ്യാപകർ പുതിയ പ്രവേശനദിനത്തെ കാണുന്നത്.
അല്ലെങ്കിൽ നിരവധി തസ്തികകൾ കുട്ടികളുടെ എണ്ണം തികയാതെ നഷ്ടപ്പെടാനുള്ള സാഹചര്യമാണ് നിലനിൽക്കുന്നത്. നേരത്തേ പ്രൈമറി വിദ്യാലയങ്ങളിൽ മാത്രമാണ് പ്രതിസന്ധി രൂക്ഷമായിരുന്നതെങ്കിൽ പ്രശ്നം ഹൈസ്കൂളുകളിലേക്കും എത്തിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.