കോഴിക്കോട്: പെൺകുഞ്ഞുങ്ങളുടെ അമ്മമാർക്ക് 5000 രൂപ ധനസഹായം നൽകുന്ന പ്രധാനമന്ത്രി മാതൃവന്ദന യോജന (പി.എം.എം.വി.വൈ) പദ്ധതി രജിസ്ട്രേഷൻ അംഗൻവാടി വർക്കർമാരെയും ഗുണഭോക്താക്കളെയും വട്ടംകറക്കുന്നു. അപേക്ഷ പൂർണമായും ഓൺലൈനാക്കിയിട്ടും പോർട്ടൽ കാര്യക്ഷമമാക്കാത്തതാണ് പ്രതിസന്ധിക്കിടയാക്കുന്നത്. ഓൺലൈൻ പോർട്ടലിൽ തടസ്സം നേരിടുന്നതിനാൽ ഒരു ദിവസം മുഴുവൻ ചെലവഴിച്ചാൽ ഒരു അപേക്ഷ പോലും അപ് ലോഡ് ചെയ്യാൻ കഴിയാതെ കുഴങ്ങുകയാണ് അംഗൻവാടി വർക്കർമാർ.
ഇക്കഴിഞ്ഞ മാർച്ച് 30 വരെ അപേക്ഷ പൂരിപ്പിച്ച് അംഗൻവാടി ജീവനക്കാർ നേരിട്ട് ഐ.സി.ഡി.എസിൽ ഏൽപിക്കുകയായിരുന്നു ചെയ്തത്. ഏപ്രിൽ ഒന്നുമുതൽ അപേക്ഷകൾ പൂർണമായും ഓൺലൈനാക്കി. പോർട്ടൽ പൂർണ സജ്ജമാവുന്നതിനുമുമ്പ് ഓഫ് ലൈൻ അപേക്ഷ നിർത്തിവെച്ചതാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണം. കേന്ദ്ര വനിത ശിശു ക്ഷേമ മന്ത്രാലയം നടപ്പാക്കുന്ന പദ്ധതിയിലേക്ക് അംഗൻവാടി വർക്കർമാർ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. എന്നാൽ, ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി മൂന്നുമാസം പിന്നിട്ടിട്ടും അംഗൻവാടി വർക്കർമാർക്ക് ലോഗിൻ ഐ.ഡി പോലും ലഭ്യമാക്കിയിട്ടില്ല. ഇതുകാരണം ഗുണഭോക്താക്കളോട് നേരിട്ട് രജിസ്റ്റർ ചെയ്യാനാണ് പലരും ആവശ്യപ്പെടുന്നത്. ഇങ്ങനെ രജിസ്റ്റർ ചെയ്യുന്ന ഗുണഭോക്താക്കൾക്ക് മാർഗനിർദേശം നൽകാൻപോലും വർക്കർമാർക്ക് കഴിയാത്തതും തലവേദനയാവുന്നു. ഗുണഭോക്താക്കൾ രജിസ്റ്റർ ചെയ്യുമ്പോൾ അപേക്ഷാ നടപടികൾ പൂർത്തിയാക്കാൻ കഴിയാതെ പാതിവഴിയിൽ നിലച്ചുപോയാൽ വീണ്ടും രജിസ്ട്രേഷൻ നടത്താൻ സാധിക്കുന്നില്ലെന്നും പരാതിയുണ്ട്.
നേരത്തെ ആദ്യ പ്രസവത്തിൽ പെൺകുഞ്ഞ് ജനിക്കുന്ന മാതാവിനായിരുന്നു സഹായം അനുവദിച്ചിരുന്നത്. പിന്നീട്, 2022 ഏപ്രിൽ ഒന്നിനുശേഷമുള്ള രണ്ടാമത്തെ പ്രസവത്തിലെ പെൺകുഞ്ഞുങ്ങളെ കൂടി പദ്ധതിയിൽ ഉൾപ്പെടുത്തിയതായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. ഇതോടെ അപേക്ഷകരുടെ എണ്ണം കുത്തനെ കൂടി.
ബി.പി.എൽ, എ.പി.എൽ വ്യത്യാസമില്ലാതെ എല്ലാവർക്കും സഹായം ലഭിക്കും. കുഞ്ഞ് ജനിച്ച് 270 ദിവസത്തിനകം പദ്ധതിക്ക് അപേക്ഷിക്കുന്നവർക്ക് മാത്രമേ സഹായം ലഭിക്കൂ. അതിനാൽ നേരത്തെ ജനിച്ച രണ്ടാമത്തെ പെൺകുഞ്ഞുങ്ങളെ ജൂൺ 30നകം രജിസ്റ്റർ ചെയ്യണമെന്നായിരുന്നു പദ്ധതി പ്രഖ്യാപിക്കുമ്പോൾ സർക്കാർ നിർദേശിച്ചിരുന്നത്. എന്നാൽ, പോർട്ടൽ പണിമുടക്ക് പതിവായതോടെ സമയപരിധി ഈ മാസം 30 വരെ നീട്ടിയിട്ടുണ്ട്. നിലവിലെ അവസ്ഥയിൽ ഈ തീയതിയിലും കെട്ടിക്കിടക്കുന്ന അപേക്ഷകൾ അപ് ലോഡ് ചെയ്യാൻ കഴിയില്ലെന്ന് അംഗൻവാടി ജീവനക്കാർ പറയുന്നു. അതേസമയം ആദ്യ പ്രസവത്തിൽ പെൺകുഞ്ഞിന് സഹായത്തിന് അപേക്ഷിച്ച പലർക്കും ഇതുവരെ സഹായം ലഭിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്.
രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും അപേക്ഷകൾ വന്നുതുടങ്ങിയതോടെ സൈറ്റ് ഹാങ്ങാവുന്നതാണ് പ്രശ്നത്തിന് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.