കോഴിക്കോട്: മഫ്തയുടെ പിന്ന് വിഴുങ്ങിയ വിദ്യാർഥിനിക്ക് മെഡി. കോളജിൽ സങ്കീർണ ശസ്ത്രക്രിയ. ശ്വാസകോശത്തിൽ കുടുങ്ങിയ പിന്നാണ് മണിക്കൂറുകൾ നീണ്ട ആശങ്കകൾക്ക് ശേഷം മെഡി. കോളജിലെ തൊറാസിക് സർജറി വിഭാഗത്തിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കാനായത്.
പേരാമ്പ്ര മഹാരാജാസ് കോളജിലെ വിദ്യാർഥിനിക്കാണ് വിദഗ്ധ ഡോക്ടർമാരുടെയും സ്റ്റാഫിന്റെയും ആത്മാർഥമായ ശ്രമത്തിൽ ആശ്വാസം ലഭിച്ചത്. പേരാമ്പ്രയിലെ ആശുപത്രിയിൽനിന്ന് റഫർ ചെയ്താണ് ഇവിടെയെത്തിയത്. എക്സ്റേ പരിശോധനയിൽ പിന്ന് എവിടെയാണെന്ന് കണ്ടെത്താനായില്ല.
അന്നനാളത്തിലാണ് പിന്ന് കിടക്കുന്നതെന്ന അനുമാനത്തിൽ അത്യാഹിത വിഭാഗത്തിൽനിന്ന് ഗ്യാസ്ട്രോ എന്ററോളജി വിഭാഗത്തിലേക്ക് വിട്ടു. ഡോ. സുനിൽ കുമാർ, ഡോ. ദേവരാജൻ എന്നിവരുടെ വിദഗ്ധ നിരീക്ഷണത്തിൽ പിന്ന് ശ്വാസകോശത്തിലാണ് ഒളിച്ചിരിക്കുന്നതെന്ന് കണ്ടെത്തി.
ഉടൻ ചെസ്റ്റ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. അവിടുത്തെ വിദഗ്ധ ഡോക്ടർമാർ തെറാപ്യൂട്ടിക് ബ്രോങ്കോസ്കോപിയിലൂടെ പിന്ന് പുറത്തെടുക്കാൻ ശ്രമം നടത്തിയെങ്കിലും ആഴത്തിൽ തറച്ചുകിടന്നതിനാൽ എടുക്കാൻ സാധിച്ചില്ല.
ഇവിടെ നിന്ന് തൊറാസിക് സർജറി ഡിപ്പാർട്മെന്റിന്റെ വിദഗ്ധ അഭിപ്രായത്തിന് വിട്ടു. അങ്ങനെ നടത്തിയ പരിശ്രമം വിജയം കണ്ടു. രോഗിക്ക് അനസ്തേഷ്യ നൽകി ബ്രോങ്കോസ്കോപിയിലൂടെ പിന്ന് പുറത്തെടുക്കുകയായിരുന്നു. മണിക്കൂറുകൾ നീണ്ട ആശങ്കയും ആശയക്കുഴപ്പവും ഇതോടെ അവസാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.