തിരുവമ്പാടി: മുസ്ലിം ലീഗിലെ ചേരിപ്പോര് കാരണം തിരുവമ്പാടി പഞ്ചായത്ത് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ബഹളത്തിലും വാക്കേറ്റത്തിലും കലാശിച്ചു. വാക്കേറ്റത്തിനിടെ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസണ് കസേരയിൽനിന്ന് വീണ് പരിക്കേറ്റു. കാലിന് ചതവേറ്റ ബിന്ദു ചികിത്സ തേടി.
തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെ തിരുവമ്പാടി പ്രിയദർശിനി ഹാളിൽ തുടങ്ങിയ കൺവെൻഷനിൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചതോടെയാണ് ബഹളം തുടങ്ങിയത്. മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറിയെയാണ് തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനറാക്കിയത്. എന്നാൽ, ഈ പദവി ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റിന് അവകാശപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം ലീഗ് പ്രവർത്തകർ രംഗത്തുവരുകയായിരുന്നു. ഇതോടെയാണ് ബഹളവും വാക്കേറ്റവുമുണ്ടായത്. തിരുവമ്പാടി നിയോജക മണ്ഡലത്തിൽ ലീഗ് രണ്ട് വിഭാഗമായി ചേരിതിരിഞ്ഞാണ് ഏതാനും വർഷമായി പ്രവർത്തിക്കുന്നത്. ഈ വിഭാഗീയതയാണ് തിരുവമ്പാടി പഞ്ചായത്ത് യു.ഡി.എഫ് കൺവെൻഷനിലും തർക്കത്തിന് കാരണമായത്. കൺവെൻഷനിലെ പ്രശ്നങ്ങളിൽ തങ്ങൾ കക്ഷിയല്ലെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു.
കൺവെൻഷൻ എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ ടി.ജെ. കുര്യാച്ചൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ, ഡി.സി.സി സെക്രട്ടറി ബാബു പൈക്കാട്ടിൽ, മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് സി.കെ. കാസിം, ജോബി ഇലന്തൂർ, ഷിനോയി അടക്കപാറ, ബോസ് ജേക്കബ്, ബാബു കളത്തൂർ, ബിന്ദു ജോൺസൺ, മില്ലി മോഹൻ, മനോജ് വാഴേപറമ്പിൽ, കെ.എ. അബ്ദുറഹ്മാൻ, കോയ പുതുവയൽ, നിസാർ പുനത്തിൽ, അസ്കർ ചെറിയ അമ്പലം, ജോൺ ചാക്കോ സംസാരിച്ചു.
തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികൾ: ടി.ജെ. കുര്യാച്ചൻ (ചെയർ), ഷൗക്കത്തലി കൊല്ലളത്തിൽ (ജന. കൺ), മനോജ് വാഴപ്പറമ്പിൽ (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.