കോഴിക്കോട്: ശവപ്പറമ്പുകളിൽ ശേഷിക്കുന്ന മുഖകവചങ്ങൾ നോക്കി ജീവൻ വേർപെട്ട ഉടലുകളിലേക്ക് കൊതിയോടെ കാത്തിരിക്കുന്ന കഴുകന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യം...ജീവിതത്തിൽനിന്ന് പുറത്താക്കപ്പെട്ട ദേഹങ്ങൾ, മരവിച്ച മരണത്തിലേക്ക് കാൽനീട്ടി കിടക്കുന്ന കാഴ്ചകൾ.. ഉടലാസകലം മൂടിപ്പുതച്ച് മനുഷ്യർ അപരരുടെ ഉടലുകളെ ഭയന്നു നിൽക്കുന്ന ശവപ്പറമ്പുകൾ...അതിവേഗം നമ്മൾ മറന്നുതുടങ്ങിയ മഹാവ്യാധിക്കാലത്തെ ചിത്രപ്പെടുത്തിയിരിക്കുന്നു ഒരു സംഘം കലാകാരന്മാർ.
മരണം പറന്നുനടന്ന കോവിഡിന്റെ കാലം 34 കലാകാരന്മാർ വരഞ്ഞിട്ട ചിത്രങ്ങളുടെ പ്രദർശനമാണ് ‘ആർകോവി 19’ എന്ന പേരിൽ ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ നടക്കുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ചിത്രകാരന്മാരുടേതാണ് പ്രദർശനം. തഴുതിട്ട് തടവിലാക്കിയ ജീവിതകാലത്തെ ഓർമിപ്പിക്കുന്ന ചിത്രങ്ങൾക്കിടയിൽ പ്രത്യാശയുടെ ചിറകടിക്കുന്ന തുമ്പികളെ മുഖാവരണങ്ങളുടെ ചിത്രമായി അവതരിപ്പിക്കുന്നുണ്ട് ഒരാൾ.
ഏകാന്തതയിൽ മെഴുതിരി വെളിച്ചം മാത്രം കൂട്ടായി ശൂന്യതയിലേക്ക് ഉറ്റുനോക്കിയിരിക്കുന്നുണ്ട് ഒരു യുവതി. ചുടലയിലേക്ക് ഊഴം കാത്ത് നിരത്തിയിട്ട ശവങ്ങളുടെ ഘോഷയാത്രയുണ്ട് ഒരു ചിത്രത്തിൽ. റാഞ്ചിയെടുത്തകലുന്ന മരണവേഗത്തെ യാഥാർഥ്യത്തിനും ഭാവനക്കുമിടയിൽനിന്ന് അവതരിപ്പിക്കുകയാണ് ഈ ചിത്രകാരന്മാർ. കേരളമെങ്ങും നടത്തുന്ന പ്രദർശനങ്ങളുടെ ഭാഗമായാണ് ആർട്ട് ഗാലറിയിൽ ചിത്രപ്രദർശനം ഒരുക്കിയിരിക്കുന്നത്. ഈ മാസം 23വരെയാണ് പ്രദർശനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.