നന്മണ്ട: റേഡിയോ താരങ്ങൾക്ക് താരപരിവേഷം ലഭിച്ച കാലത്ത് ആകാശവാണിയുടെ ശബ്ദമായിരുന്ന അബ്ദുല്ല നന്മണ്ടക്ക് പങ്കുവെക്കാൻ ഓർമകൾ ഏറെയാണ്. അമ്പലപ്പൊയിൽ പിലാച്ചേരിതാഴം പി.ടി. അബ്ദുല്ലയാണ് റേഡിയോ ദിനത്തിൽ ആദ്യകാല പ്രവർത്തനങ്ങൾ ഓർക്കുന്നത്. ചെറുപ്പത്തിൽ ഒരു റേഡിയോ സ്വന്തമാക്കാനായിരുന്നു അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നത്. പക്ഷേ, ഒരു റേഡിയോ സ്റ്റേഷൻതന്നെയാണ് ഇദ്ദേഹത്തിന് കിട്ടിയത്.
1979ലാണ് അബ്ദുല്ല നന്മണ്ടക്ക് ആകാശവാണിയിൽ ജോലി ലഭിക്കുന്നത്. ഫാറൂഖ് കോളജിൽ പഠിക്കുന്ന കാലത്ത് യുവവാണി പരിപാടിയിൽ പങ്കെടുത്തതോടെയാണ് ആകാശവാണി എന്ന സ്വപ്നം മനസ്സിൽ മൊട്ടിട്ടത്. രണ്ടു തവണ ന്യൂസ് റീഡർ, അനൗൺസർ മത്സര പരീക്ഷകളിൽ തോറ്റ് പിൻവാങ്ങേണ്ടി വന്നെങ്കിലും 1979ൽ ആകാശവാണിയിൽ ജോലി എന്ന സ്വപ്നം പൂവണിഞ്ഞു. ആകാശവാണിയിൽ പ്രവർത്തിക്കുന്ന കാലത്ത് കോന്നിയൂർ ആർ. നരേന്ദ്രനാഥ്, പി. ഭാസ്ക്കരൻ, തിക്കോടിയൻ, എൻ.എൻ. കക്കാട്, ഖാൻ കാവിൽ, കെ.എ. കൊടുങ്ങല്ലൂർ തുടങ്ങിയ പ്രഗത്ഭരോടൊപ്പം നല്ല സൗഹൃദവും അദ്ദേഹത്തിന് ലഭിച്ചിരുന്നു.
ടി.വി വ്യാപകമല്ലാത്ത കാലത്ത് ആദ്യമായി കേരളത്തിൽ ഫോൺ ഇൻ പ്രോഗ്രാം നടപ്പാക്കിയത് അബ്ദുല്ല നന്മണ്ടയാണ്.
അഖില കേരള റേഡിയോ നാടകോത്സവത്തിലുൾപ്പെടെ നൂറുകണക്കിന് കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയിട്ടുണ്ട്. കൊച്ചി എഫ്.എം നിലയത്തിൽ ജോലിചെയ്യവെ ശരത്ചന്ദ്രൻ രചിച്ച ഏറെ 'ശത്രു' എന്ന നാടകത്തിൽ നടൻ സിദ്ദിഖിനൊപ്പം കശ്മീർ താഴ്വരയിൽ പിടിക്കപ്പെട്ട 20കാരനായ തീവ്രവാദിയുടെ ശബ്ദം നൽകാൻ 57കാരനായ തന്നെ ചുമതലപ്പെടുത്തിയത് വലിയ ഒരു വെല്ലുവിളിയായിരുന്നുവെന്നും നാടകം കഴിഞ്ഞതോടെ നടൻ സിദ്ദിഖ് പ്രത്യേകം പ്രശംസിച്ചത് മറക്കാനാവാത്തതാണെന്നും ഇദ്ദേഹം പറഞ്ഞു. ചെമ്മീനിലെ പരീക്കുട്ടി, കാലത്തിലെ സേതു, ബാല്യകാല സഖിയിലെ മജീദ് തുടങ്ങിയ ശ്രദ്ധേയമായ നൂറ് കണക്കിന് കഥാപാത്രങ്ങൾ അബ്ദുല്ലയുടെ ശബ്ദത്തിലൂടെ ഇന്നും ശ്രോതാക്കളുടെ അടുത്ത് എത്തുന്നു. യുവതലമുറയെ ആകർഷിക്കുന്ന ലളിതഗാനങ്ങൾ നാടകരചന വ്യത്യസ്തതയാർന്ന ചിത്രീകരണം സർവിസ് കാലത്തെ അടയാളപ്പെടുത്തലാണ്.
ഒട്ടേറെ മഹദ് വ്യക്തികളെ ആകാശവാണിയിലൂടെ അബ്ദുല്ല നന്മണ്ട സാധാരണക്കാരായ ശ്രോതാക്കൾക്ക് പരിചയപ്പെടുത്തി കൊടുത്തിട്ടുണ്ട്. ആകാശവാണിയിൽനിന്ന് വിരമിക്കുമ്പോൾ സഹപ്രവർത്തകരോട് ഒന്നെ ആവശ്യപ്പെട്ടുള്ളു, വില കൂടിയ ഉപഹാരങ്ങൾ ഒന്നും വേണ്ട, ഒരു റേഡിയോ മതി. ആകാശവാണി ജീവനക്കാർ നൽകിയ റേഡിയോവിലെ വചനാമൃതം കേട്ടുകൊണ്ടാണ് അബ്ദുല്ല നന്മണ്ടയുടെ ഓരോ പകലും ആരംഭിക്കുന്നത്. പണ്ടൊക്കെ റേഡിയോവിന് പൂമുഖത്തായിരുന്നു സ്ഥാനമെങ്കിൽ ഇന്ന് സ്ത്രീകൾക്ക് സമയം അറിയാൻ അടുക്കളപ്പുരയിലാണ് റേഡിയോ വെക്കുന്നത്. നല്ല ഒരു വിഭാഗം ജനത ടെലിവിഷനെ വിട്ട് റേഡിയോ ശ്രവിക്കുന്നുണ്ടെന്നും അബ്ദുല്ല നന്മണ്ട പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.