തിരുവമ്പാടി : ആനക്കാംപൊയിൽ അരിപ്പാറ വെള്ളച്ചാട്ടത്തിൽ രണ്ടു ജീവൻകൂടി പൊലിഞ്ഞു. കടുത്ത വേനൽ കാരണം അരിപ്പാറയിൽ ജലവിതാനം നന്നായി കുറഞ്ഞിരിക്കെയാണ് മുങ്ങിമരണം. അവധി ദിവസങ്ങളിൽ നൂറുകണക്കിന് സഞ്ചാരികളാണ് അരിപ്പാറയിലെത്തുന്നത്.
നീന്തൽ പരിചയമില്ലാത്തവർ വെള്ളത്തിലിറങ്ങിയാണ് അപകടം സംഭവിക്കുന്നത്. 23 വർഷത്തിനിടെ 27 പേരാണ് ഇവിടെ മുങ്ങിമരിച്ചത്. അപകട മുന്നറിയിപ്പ് ബോർഡ് പ്രദേശത്ത് സ്ഥാപിച്ചിട്ടുണ്ട്. ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നിയന്ത്രണത്തിലാണ് അരിപ്പാറ വെള്ളച്ചാട്ടം. രണ്ട് ലൈഫ് ഗാർഡുമാരെ ഡി.ടി.പി.സി ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. വിദൂര സ്ഥലങ്ങളിൽനിന്ന് വിനോദസഞ്ചാരത്തിനെത്തുന്നവരാണ് അപകടത്തിൽപെട്ടവരിലേറെയും.
കോഴിക്കോട് ടൗണിൽനിന്നെത്തിയ 14 അംഗ കുടുംബ സംഘത്തിലെ രണ്ടു വിദ്യാർഥികളാണ് ഞായറാഴ്ച വൈകീട്ട് മുങ്ങി മരിച്ചത്. നെല്ലിക്കോട് സ്വദേശി അഭിനവും (13 ) മാങ്കാവ് സ്വദേശി അശ്വന്ത് കൃഷ്ണയും( 15 ). അരിപ്പാറയിൽ സുരക്ഷ കർശനമാക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും ഇതുവരെ അധികൃതർ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. അപകട മരണം ഓരോ വർഷവും ആവർത്തിക്കുമ്പോഴും നിസ്സംഗത തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.