കോഴിക്കോട്: തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും സംരംഭകത്വശേഷി വർധിപ്പിക്കുന്നതിനുമുള്ള പ്രധാനമന്ത്രിയുടെ തൊഴിൽദാന പദ്ധതിയിൽ (പി.എം.ഇ.ജി.പി) സബ്സിഡി കിട്ടാതെ കടക്കെണിയിലായതായി സംരംഭകർ. കേരള സ്മോൾ എന്റർപ്രണേഴ്സ് കൗൺസിൽ സംസ്ഥാന നേതാക്കളാണ് ഇക്കാര്യമറിയിച്ചത്.
പദ്ധതി ചെലവിന്റെ 15 മുതൽ 35 വരെ ശതമാനം സബ്സിഡി അനുവദിക്കുകയും വായ്പയെടുത്ത ബാങ്കുകളിൽ സംരംഭകരുടെ പേരിൽ സബ്സിഡി തുക നിക്ഷേപിക്കുകയുമാണ് പതിവ്. വായ്പ എടുത്ത് മൂന്ന് വർഷത്തിനുള്ളിൽ യൂനിറ്റ് പരിശോധന നടത്തി പ്രവർത്തനക്ഷമമെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത കെ.ഐ.സി, വി.ഐ.ബി, ഡി.ഐ.സി എന്നീ ഏജൻസികൾക്കായിരുന്നു.
റിപ്പോർട്ട് ലഭ്യമാകുന്നമുറക്ക് ബാങ്കുകൾ സബ്സിഡി തുക സംരംഭകന്റെ വായ്പയിൽനിന്ന് കുറവ് വരുത്തുകയും ബാക്കി തുകയും പലിശയും ഈടാക്കുകയും ചെയ്യുന്നതായിരുന്നു കഴിഞ്ഞകാല രീതി. എന്നാൽ, 2016-17 മുതൽ യൂനിറ്റുകൾ പരിശോധിച്ച് റിപ്പോർട്ട് ചെയ്യാനുള്ള ചുമതല മുംബൈ ആസ്ഥാനമായ ജെൻസിസ് ഇന്റർനാഷനൽ എന്ന ഏജൻസിയെയാണ് ഏൽപിച്ചത്.
ഇവർ സംസ്ഥാനതലത്തിൽ പരിശോധന നടത്തുന്നതിന് തുച്ഛമായ തുകക്ക് മറ്റു സ്ഥാപനങ്ങൾക്ക് കരാർ കൊടുത്തു. കരാറെടുത്ത ഏജൻസികൾ തമ്മിലുണ്ടായ പ്രശ്നങ്ങൾ കാരണം പരിശോധന നടത്തി യഥാസമയം റിപ്പോർട്ട് സമർപ്പിക്കാത്തതിനാൽ സബ്സിഡി തുക ലഭിക്കുന്നില്ലെന്നാണ് പരാതി.
ബാങ്കിൽ പണയംവെച്ച കിടപ്പാടത്തിന്റെ ആധാരം പോലും തിരിച്ചെടുക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് സംരംഭകർ. ഇക്കാര്യത്തിൽ സർക്കാർ നടപടി വേണം. സംസ്ഥാന പ്രസിഡന്റ് കാവിൽ പി. മാധവൻ, സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി അസീസ് അവേലം, ജില്ല സെക്രട്ടറി പ്രശാന്ത് കുമാർ മണിയൂർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.