കോഴിക്കോട്: വടകരയിലെയും കൊടുവള്ളിയിലെയും തോൽവി എൽ.ഡി.എഫ്, സി.പി.എം ജില്ല നേതൃത്വങ്ങൾ പരിശോധിക്കും. വോട്ടെടുപ്പിനുശേഷം തയാറാക്കിയ കണക്കിൽ രണ്ടിടത്തും യു.ഡി.എഫിനുള്ള മേധാവിത്തം ബോധ്യപ്പെട്ടിരുന്നു. എങ്കിലും, തോൽവിയുെട കാരണങ്ങൾ വിശദമായി പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തുകയാണ് ലക്ഷ്യം.
വടകരയിൽ എൽ.ജെ.ഡി സ്ഥാനാർഥി മനയത്ത് ചന്ദ്രൻ യു.ഡി.എഫ് പിന്തുണയോടെ മത്സരിച്ച ആർ.എം.പി.ഐയിലെ കെ.കെ. രമയോട് 7491ഉം കൊടുവള്ളിയിൽ സി.പി.എം സ്വതന്ത്രൻ കാരാട്ട് റസാഖ് മുസ്ലിം ലീഗിലെ ഡോ. എം.കെ. മുനീറിനോട് 6344 ഉം വോട്ടിനാണ് തോറ്റത്. രണ്ടിടത്തും യു.ഡി.എഫ് സ്ഥാനാർഥികൾ 47.63ഉം, 47.86ഉം ശതമാനം വോട്ട് നേടിയപ്പോൾ എൽ.ഡി.എഫ് സ്ഥാനാർഥികൾക്ക് യാഥക്രമം 42.15ഉം, 43.66ഉം ശതമാനം വോട്ടാണ് ലഭിച്ചത്.
പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത അനുയോജ്യരെയാണ് രണ്ടിടത്തും രംഗത്തിറക്കിയത് എന്നതിനാൽ സ്ഥാനാർഥി നിർണയത്തിൽ പാളിച്ചയില്ലെന്നാണ് എൽ.ഡി.എഫിെൻറ പ്രാഥമിക വിലയിരുത്തൽ. കൊടുവള്ളിയിൽ കാരാട്ട് റസാഖ് വീണ്ടും വരണമെന്ന് നിർദേശിച്ചത് നിയോജക മണ്ഡലം കമ്മിറ്റിയാണ്. ജനതാദൾ-എസിെൻറ സിറ്റിങ് സീറ്റായ വടകര എൽ.ജെ.ഡിക്ക് നൽകിയതിനെതിരെ ജനതാദൾ പ്രദേശിക നേതൃത്വത്തിലടക്കം എതിർപ്പ് രൂക്ഷമായിരുന്നു.
കഴിഞ്ഞതവണ യു.ഡി.എഫ് സ്ഥാനാർഥിയായ മനയത്ത് ചന്ദ്രൻ ഇത്തവണ എൽ.ഡി.എഫ് സ്ഥാനാർഥിയായതിലെ അനൗചിത്യമടക്കം ആദ്യഘട്ടത്തിൽ ചർച്ചയാവുകയും ചെയ്തിരുന്നു. കെ.കെ. രമക്ക് രാഷ്ട്രീയം മറന്ന് സി.പി.എമ്മിൽ നിന്നടക്കം വോട്ടുകൾ ലഭിച്ചതായും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. പാർട്ടി കേന്ദ്രങ്ങളിലുൾപ്പെടെ രമ മുന്നിലെത്തിയത് ഇതിെൻറ തെളിവാണ്. എൽ.ഡി.എഫിെൻറ െകാടുവള്ളി, വടകര നിയോജക മണ്ഡലം കമ്മിറ്റികൾ പരാജയം സംബന്ധിച്ച് പ്രാഥമിക വിലയിരുത്തലുകൾ നടത്തിയിട്ടുണ്ട്.
രണ്ടിടെത്തയും തോൽവി പരിശോധിക്കുമെന്നും കോവിഡ് നിയന്ത്രണങ്ങൾ കാരണം എൽ.ഡി.എഫ് യോഗം ചേരാനായിട്ടില്ലെന്നും ജില്ല കൺവീനർ മുക്കം മുഹമ്മദ് 'മാധ്യമ'ത്തോട് പറഞ്ഞു. അതേസമയം, രണ്ടിടത്തും ബി.ജെ.പി വോട്ടുകൾ യു.ഡി.എഫിന് ലഭിച്ചതായാണ് സി.പി.എമ്മിെൻറ പ്രാഥമിക വിലയിരുത്തൽ. അവസാനം നടന്ന തദ്ദേശ തെരഞ്ഞെടുപ്പിനെക്കാൾ രണ്ടിടത്തും ബി.ജെ.പിക്ക് വോട്ട് കുറഞ്ഞെന്നതാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.