വടകര: അഴിയൂര്‍ ഗ്രാമപഞ്ചായത്തും ഭക്ഷ്യസുരക്ഷ വകുപ്പും തട്ടുകടകളില്‍ രാത്രി പരിശോധന നടത്തി. അനധികൃത ഷവര്‍മ സെൻറര്‍ പൂട്ടിച്ചു.
ദേശീയപാതയോരത്തെ 11 കടകളിലായിരുന്നു പരിശോധന. മുക്കാളി പഴയ ദേശീയപാതക്ക് സമീപത്ത് ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാതെ താല്‍ക്കാലിക ഷെഡില്‍ പ്രവര്‍ത്തിക്കുന്ന ഷവര്‍മ സെൻററാണ് പൂട്ടിച്ചത്. ഭക്ഷ്യയോഗ്യമല്ലാത്ത കോഴിയിറച്ചി നശിപ്പിച്ചു. ഉടമക്ക് നോട്ടീസ് നല്കി. മുക്കാളി ടൗണില്‍ പ്രവര്‍ത്തിക്കുന്ന ഷവര്‍മ കടയില്‍ ഷവര്‍മ ബോക്സില്‍ ഗ്ലാസ് ഘടിപ്പിക്കാത്തത് കണ്ടെത്തി.
ഉടമകളെക്കൊണ്ട് അപ്പോൾ തന്നെ ഗ്ലാസ് ഘടിപ്പിച്ചു. പൊടിപടലങ്ങള്‍ ഷവര്‍മ ബോക്സിലേക്ക് വരാതിരിക്കാനാണ് ഗ്ലാസ് സ്ഥാപിക്കുന്നത്. തട്ടുകടകളില്‍ ജലപരിശോധന റിപ്പോര്‍ട്ട് ഹാജരാക്കാന്‍ നിര്‍ദേശം നല്കി. മൂന്നു ദിവസത്തിനകം വെള്ളം പരിശോധിച്ചില്ലെങ്കില്‍ കടകള്‍ അടപ്പിക്കാന്‍ തീരുമാനിച്ചു. പഴകിയ എണ്ണ തട്ടുകടകളില്‍നിന്ന് നശിപ്പിച്ചു. അപാകതകള്‍ കണ്ട കടകള്‍ക്ക് നോട്ടീസ് നല്കി.
മുക്കാളി ടൗണില്‍നിന്ന് കിഴങ്ങ് വില്‍ക്കുന്ന വാഹനം നീക്കി. തട്ടുകടകളില്‍ ഭക്ഷണം ഇരുന്ന് കഴിക്കാന്‍ അനുവദിക്കില്ല. പാര്‍സല്‍ മാത്രം നല്കാന് നിര്‍ദേശം നല്കി. കുഞ്ഞിപ്പള്ളി ടൗണില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന തട്ടുകടക്ക് നോട്ടീസ് നല്കി. എല്ലാ കടകളിലും കോവിഡ് കാലത്തെ കച്ചവടം സംബന്ധിച്ച് മാര്‍ഗനിര്‍ദേശം നല്കി. കൈയുറ ധരിക്കാതെയും കൂട്ടംകൂടി നിന്നുമുള്ള കച്ചവടം അനുവദിക്കില്ല.
തുടര്‍പരിശോധനയില്‍ അപാകതകള്‍ കണ്ടാല്‍ കടകള്‍ പൂട്ടും. വെള്ളം പരിശോധന നടത്തി ഭക്ഷ്യസുരക്ഷ വകുപ്പിെൻറ രജിസ്ട്രേഷന്, പഞ്ചായത്ത് ലൈസന്‍സ് എന്നിവ എടുക്കണം. പരിശോധനക്ക് ബേപ്പൂര്‍ സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫിസര്‍ ഡോ. ജോസഫ് കുര്യാക്കോസ്, കുറ്റ്യാടി സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫിസര്‍ പി.ജി. ഉന്മേഷ്, അഴിയൂര്‍ പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുല്‍ ഹമീദ്, പഞ്ചായത്ത് സെക്ഷന്‍ ക്ലര്‍ക്ക് സി.എച്ച്. മുജീബ് റഹ്മാന് എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.