വടകര: സ്വകാര്യ ബസുകൾ ട്രിപ്പ് മുടക്കുന്നത് മലയോര മേഖലയിൽ യാത്രാക്ലേശം രൂക്ഷമാക്കുന്നു. വടകരയിൽനിന്നും സർവിസ് നടത്തുന്ന ബസുകളാണ് വൈകീട്ടോടെ പാതിവഴിയിൽ സർവിസ് നിർത്തുന്നത്.
സ്വകാര്യ ബസുകൾ മലയോര മേഖലയിലെ ഉൾപ്രദേശങ്ങളെ ബന്ധിപ്പിച്ച് അപേക്ഷ നൽകിയാണ് പെർമിറ്റുകൾ സ്വന്തമാക്കിയത്. രാവിലത്തെ ട്രിപ്പ് ഇത്തരം സ്ഥലങ്ങളിൽ നിന്നും ആരംഭിച്ച് വൈകീട്ട് ഇവിടെ തന്നെ അവസാനിപ്പിക്കുന്ന തരത്തിലാണ് പലർക്കും പെർമിറ്റ് ലഭിച്ചത്.
എന്നാൽ, ഇത് പാടേ അവഗണിച്ച് പാതിവഴിയിൽ ട്രിപ്പുകൾ അവസാനിപ്പിക്കുകയാണ് ചെയ്യുന്നത്. ബസുകൾ പാതിവഴിയിൽ ട്രിപ്പുകൾ മുടക്കുന്നതോടെ മലയോര മേഖലയിലെ യാത്രക്കാർ പ്രധാനമായും ടാക്സി ജീപ്പുകളെയാണ് ആശ്രയിക്കുന്നത്. ജീപ്പുകളും വൈകീട്ടോടെ യാത്ര അവസാനിപ്പിക്കുകയാണ് പതിവ്. ഇതോടെ ടൗണിൽനിന്ന് വീടുകളിലെത്താൻ യാത്രക്കാർ ഏറെ ബുദ്ധിമുട്ടുകയാണ്.
വൻകിട ബസുടമകൾ കൂടുതൽ പെർമിറ്റ് കൈയടക്കി പകുതി സന്വിസുകളാണ് നടത്തുന്നത്. ഇത്തരം പെർമിറ്റുകൾ സറണ്ടർ ചെയ്യാത്തതിനാൽ ഈ റൂട്ടിലേക്ക് സ്വകാര്യ, കെ.എസ്.ആർ.ടി.സി സർവിസുകൾ പുതുതായി ആരംഭിക്കാൻ കഴിയില്ല. മോട്ടോർ വാഹന വകുപ്പിനെ തെറ്റിദ്ധരിപ്പിച്ച് നാട്ടുകാരറിയാതെ ട്രിപ്പുകൾ റദ്ദ് ചെയ്യുന്ന സ്ഥിതിയുമുണ്ട്. ബസുകളുടെ ട്രിപ്പ് മുടക്കലിനെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.