വടകര: നഗരസൗന്ദര്യവത്കരണത്തിന്റെ ഭാഗമായി വടകര നഗരസഭ നഗരത്തിൽ സ്ഥാപിച്ച ചെടിച്ചട്ടിയിൽനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ചെടി സമഗ്ര പരിശോധന നടത്താതെ നശിപ്പിച്ച പൊലീസ് പ്രതിക്കൂട്ടിൽ.
കഞ്ചാവ് അല്ലെന്ന് പറഞ്ഞാണ് പൊലീസ് ഇവ നശിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് ചെടിച്ചട്ടിയിൽ കഞ്ചാവ് വളരുന്നതായ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചെടി പൊലീസ് കസ്റ്റഡിയിലെടുത്തത്. സമഗ്ര പരിശോധന നടത്താതെ പൊലീസ് ചെടി കഞ്ചാവല്ലെന്ന് സ്ഥിരീകരിച്ച് നശിപ്പിക്കുകയായിരുന്നു. ശാസ്ത്രീയ പരിശോധന നടത്താതെയും നിയമങ്ങൾ പാലിക്കാതെയും കഞ്ചാവല്ലെന്ന് സ്ഥിരീകരണം നൽകിയതിനെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. കഞ്ചാവ് സംബന്ധിച്ച് വിവരം കിട്ടിയാൽ പൊലീസ് ഉദ്യോഗസ്ഥൻ സാക്ഷികളുടെ സാന്നിധ്യത്തിൽ മഹസർ തയാറാക്കി കഞ്ചാവ് ചെടി കസ്റ്റഡിയിലെടുക്കണം.
എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത ശേഷം മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കണം. കൂടാതെ ഇൻവൻട്രി തയാറാക്കി മജിസ്ട്രേറ്റിനെക്കൊണ്ട് സാക്ഷ്യപ്പെടുത്തി വാങ്ങണം. രണ്ട് സാമ്പിളുകൾ എടുക്കുകയും സാമ്പിൾ എൻ.ഡി.പിഎസ് കോടതി മുമ്പാകെ ഹാജരാക്കുകയും വേണം. സാമ്പിൾ രാസ പരിശോധനക്കയക്കുകയും സാമ്പിൾ കിഴിച്ചുള്ള കഞ്ചാവ് നശിപ്പിക്കാൻ ഡിസ്പോസൽ കമ്മിറ്റി മുമ്പാകെ ഹാജരാക്കുകയും വേണം.
എന്നാൽ, പിടിച്ചെടുത്ത ചെടി ഒരു പരിശോധനയും നടത്താൻ തയാറാവാതെ പൊലീസ് കഞ്ചാവല്ലെന്ന് പറഞ്ഞ് നശിപ്പിക്കുകയായിരുന്നു. വാർത്ത റിപ്പോർട്ട് ചെയ്ത പത്രസ്ഥാപനത്തിൽ കയറി അതിക്രമം കാട്ടിയവർക്കെതിരെ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്.
മനോരമ ഓഫിസിൽ ഡി.വൈ.എഫ്.ഐ നടത്തിയ അതിക്രമത്തിൽ കെ. മുരളീധരൻ എം.പി പ്രതിഷേധിച്ചു. ജനാധിപത്യത്തിന്റെ ജീവവായുവായ മാധ്യമസ്ഥാപനത്തിനുനേരെയുള്ള നടപടി ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. സംഭവത്തിൽ കെ.കെ. രമ എം.എൽ.എയും പ്രതിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.