വടകര: ചെരണ്ടത്തൂരിൽ സ്ഫോടനത്തിൽ യുവാവിന്റ കൈപ്പത്തികൾ തകർന്ന സംഭവത്തിൽ ആർ.എസ്.എസ് പ്രതിക്കൂട്ടിൽ. ചെരണ്ടത്തൂരിലെ മൂഴിക്കൽ മീത്തൽ ഹരിപ്രസാദിനാണ് (30) പരിക്കേറ്റത്. ബോംബ് നിർമാണത്തിനിടെ പരിക്കേറ്റെതെന്ന സൂചനകൾ പുറത്തുവരുന്നതാണ് ആർ.എസ്.എസിനെ പ്രതിക്കൂട്ടിലാക്കുന്നത്.
ബി.ജെ.പിയിൽനിന്ന് സംഘടന വിരുദ്ധ പ്രവർത്തനത്തിന്റ പേരിൽ നേരത്തെ ഇയാളെ പുറത്താക്കിയതായി ചൂണ്ടിക്കാട്ടി ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ, സംഘ്പരിപാർ വേഷത്തിലുള്ള ഇയാളുടെ ഫോട്ടോകൾ പ്രചരിക്കുന്നത് നേതൃത്വത്തെ അസ്വസ്ഥമാക്കുന്നുണ്ട്.
ബോംബ് നിർമിക്കവെ പൊട്ടിത്തെറിച്ച് ആർ.എസ്.എസ് പ്രവർത്തകന് ഗുരുതര പരിക്കേറ്റ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് സി.പി.എം വടകര ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. ബോംബ് പൊട്ടി പരിക്കേറ്റ മൂഴിക്കൽ മീത്തൽ ഹരിപ്രസാദ് പ്രദേശത്തെ അറിയപ്പെടുന്ന ആർ.എസ്.എസ് –ബജ്രംഗ്ദൾ പ്രവർത്തകനാണ്. സമാധാന അന്തരീക്ഷം നിലനിൽക്കുന്ന പ്രദേശത്ത് ബോധപൂർവം സംഘർഷവും കലാപവും സൃഷ്ടിക്കാനുള്ള ആർ.എസ്.എസ് പതിവുരീതിയുടെ ഭാഗമാണ് ഉഗ്രശേഷിയുള്ള ബോംബ് നിർമാണം. ജനങ്ങളിൽ ഭീതിയുണ്ടാക്കി സംഘ്പരിവാർ ശക്തികൾക്ക് പ്രദേശത്ത് വേരോട്ടം ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്.
നാട്ടിൽ സമാധാനാന്തരീക്ഷം നിലനിർത്താൻ മുഴുവൻ ജനാധിപത്യ വിശ്വാസികളും ഒറ്റക്കെട്ടായി അണിനിരക്കണം. ബോംബ് നിർമാണത്തിൽ ഏർപ്പെട്ട മുഴുവൻപേരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും വടകര ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.
മണിയൂർ: ആർ.എസ്.എസ് പ്രവർത്തകന് ബോംബ് പൊട്ടി പരിക്കേറ്റ സംഭവം പൊലീസ് ഗൗരവത്തിലെടുത്ത് സമഗ്രമായ അന്വേഷണ നടത്തി കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യു.ഡി.എഫ് മണിയൂർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ചെയർമാൻ അശ്റഫ് ചാലിൽ, കൺവീനർ കെ.കെ. യൂസുഫ്, സി.പി. വിശ്വനാഥൻ, കെ. റസാഖ്, പി.എം. കൃഷ്ണൻ, പി.ടി.കെ. മുഹമ്മദലി, എ.പി. തറുവയ്ഹാജി എന്നിവർ സംസാരിച്ചു.
സ്ഫോടനത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ലോക് താന്ത്രിക് ജനതാദൾ (എൽ.ജെ.ഡി) മണിയൂർ പഞ്ചായത്ത് കമ്മിറ്റി അധികൃതരോട് അഭ്യർഥിച്ചു.
ആർ.എസ്.എസ് നേതൃത്വത്തിൽ നടക്കുന്ന ബോംബ് നിർമാണത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും ഗ്രാമീണമേഖലയിൽ കലാപത്തിന് കോപ്പുകൂട്ടുന്ന സംഘ്പരിവാർ അജണ്ട ചെറുത്തുതോൽപിക്കുമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം ബവിത്ത് മലോൽ, നിയോജക മണ്ഡലം പ്രസിഡന്റ് വി.കെ. ഇസ്ഹാഖ്, മണിയൂർ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ആയഞ്ചേരി: കണ്ണൂരിൽ വിവാഹത്തോടനുബന്ധിച്ചുണ്ടായ ബോംബ് സ്ഫോടനത്തിൽ യുവാവിന്റെ ജീവൻ നഷ്ടപ്പെട്ടതിനു തൊട്ടുപിന്നാലെ വടകര, ചെരണ്ടത്തൂരിൽ ബോംബ് നിർമാണത്തിനിടെ യുവാവിന് സാരമായി പരിക്കേറ്റ സംഭവം കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ, നാട്ടിൽ സമാധാന ജീവിതം തകർക്കാനുള്ള ശ്രമമാണെന്ന് വെൽഫെയർ പാർട്ടി കുറ്റ്യാടി മണ്ഡലം കമ്മിറ്റി പ്രസ്താവിച്ചു.
നാട്ടിൽ അരാജകത്വം സൃഷ്ടിക്കുന്ന ഇത്തരം സംഭവങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് അടിക്കൂൽ മൂസ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ബി.വി. ലത്തീഫ്, എം. ഇബ്രാഹിം, കെ.കെ. സത്താർ തുടങ്ങിയവർ സംബന്ധിച്ചു.
ആയഞ്ചേരി: മണിയൂർ ചെരണ്ടത്തൂരിൽ ബോംബ് നിർമാണത്തിനിടെ സ്ഫോടനത്തിൽ ചെരണ്ടത്തൂർ മൂഴിക്കൽ മീത്തൽ ഹരിപ്രസാദിന്റെ കൈപ്പത്തി തകർന്ന സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കുറ്റ്യാടി നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. സമാധാന അന്തരീക്ഷം നിലനിൽക്കുന്ന ചെരണ്ടത്തൂർ പ്രദേശത്ത് ആയുധ ശേഖരണം നടത്തി നാടിന്റെ സമാധാനം തകർക്കാനുള്ള ആർ.എസ്.എസ് കുതന്ത്രം ജനാധിപത്യവിശ്വാസികൾ ഒറ്റക്കെട്ടായി ചെറുക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
മൻസൂർ ഇടവലത്ത്, സി.എ. നൗഫൽ, ഇ.പി. സലീം, ലത്തീഫ് ചുണ്ട, ആഷിഖ് കുന്നുമ്മൽ, ഷാഫി മേമുണ്ട, റഷാദ് വി.എം, ടി.കെ. റഫീഖ് മാസ്റ്റർ, മുഹമ്മദലി മംഗലാട്, ഷബീർ കോട്ടപ്പള്ളി, സുബൈർ ചെത്തിൽ എന്നിവർ സംബന്ധിച്ചു.
വടകര: ചെരണ്ടത്തൂരിൽ സ്ഫോടനം നടന്ന ആർ.എസ്.എസ് പ്രവർത്തകന്റെ വീട്ടിലേക്ക് എസ്.ഡി.പി.ഐ പ്രവർത്തകർ മാർച്ച് നടത്തി. 25 ഓളം വരുന്ന പ്രവർത്തകർ മുദ്രാവക്യം മുഴക്കി പ്രതിഷേധ പ്രകടനവുമായി എത്തിയതോടെ വടകര എസ്.ഐ എം. നിജേഷിന്റ നേതൃത്വത്തിൽ പൊലീസ് വീടിന്റ 100 മീറ്ററിനടുത്ത് പ്രതിഷേധ മാർച്ച് തടഞ്ഞു. 10 മിനിറ്റ് റോഡിൽ മുദ്രാവാക്യം വിളിച്ച പ്രവർത്തകർ പൊലീസ് നിർദേശത്തെ തുടർന്ന് പിരിഞ്ഞുപോയി.
ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ്, ഫോറൻസിക് സംഘമുൾപ്പെടെ വൻ പൊലീസ് സന്നാഹത്തിന്റ നേതൃത്വത്തിൽ സ്ഥലത്ത് പരിശോധന നടത്തുമ്പോഴാണ് എസ്.ഡി.പി.ഐ പ്രവർത്തകർ പ്രതിഷേധവുമായെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.