വടകര: കൈനാട്ടി ദേശീയപാതയിൽ സ്വർണവ്യാപാരിയിൽനിന്ന് 46 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കോടതി നിർദേശത്തെ തുടർന്ന് ഡി.വൈ.എഫ്.ഐ മുൻ നേതാവിനെതിരെ വടകര പൊലീസ് കേസെടുത്തു. ഒളിവിൽ പോയ പ്രതിയെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. ഡി.വൈ.എഫ്.ഐ കല്ലാച്ചി മേഖല മുൻ സെക്രട്ടറി സി.കെ. നിജേഷിനെതിരെയാണ് കേസെടുത്തത്.
2019 ജനുവരിയിലാണ് സ്വർണ വ്യാപാരിയായ കല്ലാച്ചി വരിക്കോളി സ്വദേശി പി. രാജേന്ദ്രന്റെ പണം കാറിലെത്തിയ സംഘം കവർന്നത്. സ്വർണം വിൽക്കാനുണ്ടെന്നു പറഞ്ഞ് കൈനാട്ടിയിലെത്തിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തെന്നായിരുന്നു കേസ്. സംഭവത്തിൽ ഉൾപെട്ട നിജേഷിനെ ഉൾപെടുത്താതെ ആറു പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരുന്നത്. എന്നാൽ, ഇയാളെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താതിരുന്നത് രാഷ്ട്രീയ സ്വാധീനം കാരണമാണെന്ന് ആക്ഷേപം ഉയർന്നു.
2021 ജൂലൈയിൽ കൊയിലാണ്ടിയിൽ അരിക്കുളം സ്വദേശിയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി സ്വർണം തട്ടിയെടുത്തിരുന്നു. ഈ സംഭവത്തിൽ ഉൾപ്പെട്ട പ്രതികൾതന്നെയാണ് പണം കവർന്നതെന്ന് രാജേന്ദ്രൻ ആരോപിക്കുകയും ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായി വടകര ഡിവൈ.എസ്.പി പ്രാഥമിക അന്വേഷണം നടത്തുകയും കേസ് പുനരന്വേഷണത്തിനായി വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സി.ഐ കെ.കെ. ബിജു അപേക്ഷ നൽകുകയും ചെയ്തു.
കോടതി അനുമതിയോടെ നടത്തിയ പുനരന്വേഷണത്തിലാണ് നിജേഷിനെ ഏഴാം പ്രതിയാക്കിയത്. പ്രതിപ്പട്ടികയിൽ ഉൾപെട്ടതറിഞ്ഞ് നിജേഷ് ഹൈകോടതിയിൽ മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.