വടകര: ദേശീയപാതയിൽ മടപ്പള്ളി മാച്ചിനാരിയിലും മുക്കാളിയിലും തകർന്നുവീണ സംരക്ഷണഭിത്തി അപകടക്കുരുക്കാവുന്നു. ഭിത്തി പുനർനിർമിക്കാൻ ഇതുവരെ നടപടിയായില്ല.
ശക്തമായ മഴയിലാണ് ദേശീയപാതയുടെ സോയിൽ നെയിലിങ് നടത്തിയ ഭാഗം ഇടിഞ്ഞുവീണത്. നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ ഇടിഞ്ഞുവീണ ഭാഗങ്ങൾ അതേപടി നിൽക്കുകയാണ്. മഴ പലയിടത്തും നാശം വിതക്കുമ്പോഴാണ് ഇടിഞ്ഞുവീണ ഭാഗം സംരക്ഷിച്ച് നിർത്താൻ നടപടികളുണ്ടാവാത്തത്.
ദേശീയപാതയുടെ സംരക്ഷണ ഭിത്തിയോട് ചേർന്ന സ്ഥലങ്ങൾ ഏറ്റെടുക്കണമെന്ന ആവശ്യം അധികൃതരുടെ പരിഗണനയിലാണെങ്കിലും ഇഴഞ്ഞുനീങ്ങുകയാണ്. ഇതിനടുത്തുള്ള വീട്ടുകാർ ദുരിതത്തിലാണ്.
മണ്ണിടിച്ചിൽ കൂടുതൽ ഭാഗങ്ങളിലേക്ക് വ്യാപിച്ചാൽ അപകടക്കുരുക്കാവും. തകർന്നുവീഴാൻ പാകത്തിലുള്ള കൂറ്റൻ സിമന്റ് പാളികൾ അപകട ഭീഷണി ഉയർത്തുന്നുണ്ട്.
മഴ കൂടുതലുള്ള പ്രദേശത്തിനു യോജിക്കാത്ത തരത്തിലുള്ള അശാസ്ത്രീയ സോയിൽ നെയിലിങ് അപകടങ്ങൾ ക്ഷണിച്ചുവരുത്തുമെന്ന് നേരത്തേ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയതാണ്.
ഇത് മുഖവിലക്കെടുക്കാതെ നടത്തിയ നിർമാണമാണ് അപകടങ്ങളിലേക്ക് നയിച്ചത്. സംരക്ഷണ ഭിത്തിയുടെ തകർന്ന ഭാഗങ്ങൾ നീക്കി സുരക്ഷ ഉറപ്പുവരുത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.