വടകര: ദേശീയപാത നിർമാണവും ഓണത്തിരക്കും മൂലം ഗതാഗതക്കുരുക്കഴിയാതെ വടകര നഗരം വീർപ്പുമുട്ടുന്നു. ഊടുവഴികളിലടക്കം വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെടുന്നത് കാൽനടയാത്രയും ദുസ്സഹമാക്കുകയാണ്. ആവശ്യമായ പാര്‍ക്കിങ് സൗകര്യമില്ലാത്തതും ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നുണ്ട്. ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ടുണ്ടാകുന്ന കുരുക്ക് ഇടറോഡുകളെയുള്പ്പെടെ ബാധിക്കുന്ന സ്ഥിതിയാണ്.
ദേശീയപാതയില്‍ സര്‍വിസ് റോഡുകള്‍ വഴിയാണ് പുതിയ സ്റ്റാന്‍ഡ് മുതല്‍ അടക്കാത്തെരു ജങ്ഷന്‍വരെ വാഹനങ്ങള്‍ പോകുന്നത്. ഈ റോഡിലൂടെ വാഹനങ്ങള്‍ക്ക് വേഗം കുറച്ചേ പോകാനാകൂ. ചെറിയ വാഹനങ്ങള്‍ക്കുപോലും മറികടന്ന് പോകാന്‍ കഴിയാത്ത സ്ഥിതിയാണ്. ഇതിനാൽ കിലോ മീറ്ററുകളോളം വാഹനങ്ങളുടെ നീണ്ടനിരയാണ്. പെരുവാട്ടും താഴെനിന്ന് വലിയ വാഹനങ്ങള്‍ ഉള്‍പ്പെടെ എടോടി വഴി കരിമ്പനപ്പാലത്തേക്ക് കടക്കുന്നതും പ്രശ്നങ്ങൾക്കിടയാക്കുന്നുണ്ട്.
കൈനാട്ടിയിൽ മേൽപാലത്തിന്റെ നിർമാണം നടക്കുന്നതിനാൽ പാത രണ്ടായി വിഭജിച്ചാണ് വാഹനങ്ങൾ കടത്തിവിടുന്നത്. ഇതിനാൽ ഗതാഗതക്കുരുക്ക് ചോറോട് മുതൽ പെരുവാട്ടും താഴെവരെ നീളുകയാണ്. ദീർഘദൂര യാത്രക്കാർ മുതൽ ചെറുദൂരം പേകേണ്ടവർവരെ മണിക്കൂറുകളാണ് വാഹനങ്ങളിൽ കുടുങ്ങുന്നത്. ഉത്സവ സീസൺ പ്രമാണിച്ച് കൂടുതൽ പൊലീസിനെ ഗതാഗത നിയന്ത്രണത്തിന് നിയമിച്ചാൽ ഒരു പരിധിവരെ ആശ്വാസമാവുമെന്ന് അഭിപ്രായമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.