വടകര: ഇന്ന് ഉത്രാടപ്പാച്ചിൽ. തിരുവോണത്തിന് പുതുവസ്ത്രമണിഞ്ഞ് സദ്യവട്ടം ഒരുക്കാനായി മലയാളികൾ ഉത്രാടദിനത്തിൽ സാധനങ്ങൾ വാങ്ങാനുള്ള തിരക്കിലാകും. മറുനാടൻ പൂക്കൾ കീഴടക്കിയിരുന്ന പൂവിപണിയിൽ ഇത്തവണ മലയാളക്കരയുടെ ഗ്രാമീണ തനിമയിൽ വിരിഞ്ഞ പൂക്കളുടെ കടന്നുകയറ്റമുണ്ട്. ഇതോടെ പൂവിപണിയിൽ വൻ തിരക്കാണ്.
മറുനാടൻ പൂക്കളെ മാത്രം ആശ്രയിച്ച് പൂക്കളം ഒരുക്കിയിരുന്ന പതിവ് കാഴ്ച ഇത്തവണയില്ല. ഗ്രാമ നഗര വ്യത്യാസമില്ലാതെ പൂപ്പാടങ്ങളിൽ നിന്നുള്ള പൂക്കൾകൊണ്ട് വിപണി നിറഞ്ഞിട്ടുണ്ട്. പ്രാദേശിക വിപണി ലക്ഷ്യമിട്ട് ഗ്രാമപഞ്ചായത്തുകളുടെയും കൃഷി വകുപ്പിന്റെയും നേതൃത്വത്തിൽ നാട്ടിൻപുറങ്ങളിൽ നിന്നടക്കം വിളവെടുത്ത പൂക്കൾക്ക് ആവശ്യക്കാർ ഏറെയായിരുന്നു. മഴ വില്ലനായെങ്കിലും പൂകൃഷിയിൽ നല്ല വിളവാണ് ലഭിച്ചത്. കുടുംബശ്രീ, കർഷക കൂട്ടായ്മകളുടെ നേതൃത്വത്തിലാണ് കൂടുതലായും പൂകൃഷി ഇറക്കിയത്. പൂക്കളത്തിലെ പൂവുകളില്‍ രാജ്ഞി ചെണ്ടുമല്ലിയാണ്.
മാർക്കറ്റിൽ കിലോക്ക് 200 രൂപയാണ് വില. വാടാർമല്ലി കിലോക്ക് 400 രൂപയുമാണ്. ജമന്തി, കോഴിവാലന്‍, അരളി, വാടാര്‍മല്ലി എന്നിവയും ഇത്തവണ കർഷകർ നാട്ടിൻപുറങ്ങളിൽ കൃഷി ചെയ്തിരുന്നു. പുഷ്പ കൃഷിക്ക് സഹകരണ സംഘങ്ങളും നല്ല പ്രോത്സാഹനമാണ് നൽകിയത്.
പ്രതികൂല കാലാവസ്ഥയും കീടങ്ങളുമാണ് പ്രധാന വെല്ലുവിളിയായതെന്ന് കർഷകർ പറയുന്നു. മുന്നൊരുക്കവും യഥാസമയം കൃഷിവകുപ്പ് കൃഷിയിടം സന്ദർശിച്ച് നൽകിയ നിർദേശങ്ങളും കൃഷിയുടെ വിജയത്തിന് ശക്തി പകരുകയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.