വടകര: വയൽ നികത്തുന്നതിനിടെ റവന്യൂവകുപ്പ് അധികൃതർ പിടികൂടി വടകര താലൂക്ക് ഓഫിസിലേക്ക് മാറ്റിയ മണ്ണുമാന്തി യന്ത്രം മോഷണംപോയി. കഴിഞ്ഞ ആഴ്ച പുറമേരി വില്ലേജ് അധികൃതർ വയൽനികത്തുന്നതിനിടെ പിടികൂടിയ മണ്ണുമാന്തിയന്ത്രമാണ് കാണാതായത്. ഇത് സംബന്ധിച്ച് വടകര പൊലീസിൽ റവന്യൂ വകുപ്പ് അധികൃതർ പരാതി നൽകിയെങ്കിലും ഒരാഴ്ച കഴിഞ്ഞിട്ടും മണ്ണുമാന്തിയന്ത്രം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മണ്ണുമാന്തി യന്ത്രം ഉടമകൾതന്നെ കൊണ്ടുപോയതാണെന്ന നിഗമനത്തിൽ അധികൃതർ ഉടമകളെ വിളിച്ചു വരുത്തിയെങ്കിലും മണ്ണുമാന്തിയെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല.
താലൂക്ക് ഓഫിസ് പരിസരത്ത് നിന്നും പിടികൂടിയ മണ്ണ് മാന്തി നഷ്ടപ്പെട്ടത് സംബന്ധിച്ച് ആർ.ഡി.ഒയും അന്വേഷണം നടത്തുന്നുണ്ട്. സംഭവം ഒതുക്കിത്തീർക്കുന്നതിന്റെ ഭാഗമായി പിടികൂടിയ മണ്ണ് മാന്തിക്ക് പകരം പഴയത് താലൂക്ക് ഓഫിസിൽ എത്തിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് മോഷണ നാടകമെന്നും അണിയറയിൽ സംസാരമുണ്ട്. മണ്ണ് മാന്തി യന്ത്രം നഷ്ടപ്പെട്ടിട്ട് ഒരാഴ്ച പിന്നിട്ടിട്ടും കണ്ടെത്താൻ കഴിയാത്ത പൊലീസിനെതിരെയും വിമർശനമുയർന്നിട്ടുണ്ട്. വയൽ നികത്തുന്നതായി പരാതി ലഭിച്ചതിനെ തുടർന്ന് പിടികൂടിയ മണ്ണ് മാന്തി യന്ത്രം മറ്റൊരു ഡ്രൈവറുടെ സഹായത്തോടെയാണ് സിവിൽ സ്റ്റേഷൻ പരിസരത്തേക്ക് മാറ്റിയത്. കാണാതായ മണ്ണ് മാന്തിയന്ത്രത്തെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും പൊലീസിന് വിവരം കൈമാറിയിട്ടുണ്ടെന്ന് താഹസിൽദാർ കല ഭാസ്കർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.