വടകര: കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മദ്യശാലകൾക്ക് താഴുവീണപ്പോൾ ഇതര സംസ്ഥാനങ്ങളിൽനിന്ന് മദ്യമൊഴുകുന്നു. അതിർത്തി ചെക്ക്പോസ്റ്റുകൾ വഴിയാണ് മദ്യം യഥേഷ്ടം സംസ്ഥാനത്ത് എത്തുന്നത്. കർണാടക, തമിഴ്നാട്, ഗോവ സംസ്ഥാനങ്ങളിൽനിന്നുള്ള മദ്യമാണ് കോവിഡിൻെറ മറവിൽ നിർബാധം കടത്തുന്നത്. സംസ്ഥാനത്തിനു പുറത്തുനിന്നുള്ള വാഹനങ്ങൾ കോവി ഡ് സാഹചര്യത്തിൽ വേണ്ടരീതിയിൽ പരിശോധന നടത്താൻ അധികൃതർക്ക് കഴിയില്ല. ഇത് മുതലെടുത്താണ് മദ്യമാഫിയ രംഗം കൈയടക്കുന്നത്.
കടൽ മാർഗം വരെ വിദേശമദ്യം എത്തുന്നതായാണ് വിവരം. ഒരാഴ്ചക്കിടെ വടകര എക്സൈസും ആർ.പി.എഫും നടത്തിയ പരിശോധനയിൽ ട്രെയിനിൽ കടത്തിയ മദ്യം റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെടുത്തിരുന്നു.
ട്രെയിൻ മാർഗവും മദ്യം കടത്തുന്നതായാണ് ഇത് നൽകുന്ന സൂചന. പച്ചക്കറി, മത്സ്യം, ഗ്യാസ് ലോറികൾ വരെ മദ്യക്കടത്ത് വാഹകരായി മാറുന്നുണ്ട്. മദ്യക്കടത്തിന് പ്രത്യേക ഏജൻറുമാരും പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാനത്ത് വിദേശമദ്യ വിൽപന നിരോധിച്ചതോടെ പുറത്തുനിന്ന് എത്തുന്ന മദ്യത്തിന് വൻ വിലയാണ് ലഭിക്കുന്നത്.
ആഡംബര വാഹനങ്ങളിലടക്കമാണ് മദ്യക്കടത്ത്. മാഹിയിൽ വിദേശ മദ്യശാലകൾ അടച്ചുപൂട്ടിയിട്ട് ഒരാഴ്ച പിന്നിട്ടെങ്കിലും മദ്യമാഫിയക്ക് സുലഭമായി ലഭിക്കുന്നതായാണ് വിവരം. ഇവിടേക്ക് എത്തുന്ന മദ്യം പ്രാദേശിക നിർമിതിയാണെന്നാണ് അധികൃതരുടെ നിഗമനം. ഇത് വൻ ദുരന്തത്തിനുതന്നെ വഴിവെക്കുമെന്ന് ആശങ്കയുണ്ട്.
വടകര: എക്സൈസും ആര്.പി.എഫും സംയുക്തമായി വടകര റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയില്‍ 85 കുപ്പി വിദേശമദ്യം കണ്ടെടുത്തു. ഉടമസ്ഥനില്ലാത്ത നിലയില്‍ രണ്ട് ബാഗുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു മദ്യം.
ഗോവയില്‍ മാത്രം വില്‍പ്പന അനുമതിയുള്ള മദ്യമാണിത്. പരിശോധനക്ക് വടകര എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.കെ. ഷിജില്‍ കുമാര്‍, ആര്.പി.എഫ് സബ് ഇന്‍സ്പെക്ടര്‍ സുനില്‍ കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.