വടകര: ദേശീയപാത നിർമാണം ഇഴഞ്ഞുനീങ്ങുന്നു. ദുരിതത്തിനറുതിയില്ല. കരാർ കമ്പനിയുടെ അസംസ്കൃത സാധനങ്ങൾ മറിച്ച് നൽകുന്നത് ഏജന്റുമാരെന്ന് സൂചന. അഴിയൂര്‍ ബൈപാസ്, മൂരാട് മുതല്‍ പാലോളിപ്പാലം, രാമനാട്ടുകര മുതല്‍ വെങ്ങളം എന്നിങ്ങനെ മൂന്ന് റീച്ചായിട്ടാണ് ആറുവരിപ്പാതയാക്കുന്നത്. ജില്ലയിൽ രാമനാട്ടുകര മുതല്‍ അഴിയൂര്‍ വരെ 102 കിലോമീറ്റര്‍ ദൂരത്തിലാണ് ദേശീയപാത 66 കടന്നുപോകുന്നത്.
അഴിയൂർ റീച്ചിൽ പ്രവൃത്തി എങ്ങുമെത്താത്ത സ്ഥിതിയാണ്. കൈനാട്ടി, പെരുവാട്ടും താഴെ മേൽപാലം പ്രവൃത്തി എങ്ങുമെത്തിയിട്ടില്ല. കൈനാട്ടി മേൽപാലം നിർമാണം ഇഴഞ്ഞ് നീങ്ങുന്നതിനാൽ ദേശീയ പാത പലപ്പോഴും സ്തംഭിക്കുകയാണ്. പ്രധാനപ്പെട്ട രണ്ട് ജങ്ഷനുകളായ പെരുവാട്ടും താഴെയും കൈനാട്ടിയിലും വാഹനങ്ങൾ ഗതാഗതക്കുരുക്കിലമരുന്നത് ആംബുലൻസ് ഉൾപ്പെടെയുള്ളവക്ക് കടന്നുപോവാൻ കഴിയാത്തത് വിലപ്പെട്ട ജീവനുകൾ പൊലിയുന്ന അവസ്ഥയിലെത്തിച്ചിട്ടുണ്ട്.
അദാനിയുടെ ഉപകരാർ കമ്പനിയായ വാഗഡിന്റെ കെടുംകാര്യസ്ഥതയാണ് പ്രവൃത്തിയെ ബാധിച്ചതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ദേശീയപാത നിർമാണത്തിന് കൊണ്ടുവന്ന സാമഗ്രികൾ സ്വകാര്യ കെട്ടിട നിർമാണത്തിന് മറിച്ച് നൽകിയത് കഴിഞ്ഞ ദിവസം പിടിക്കപ്പെട്ടതോടെയാണ് ദേശീയപാത നിർമാണത്തിലെ തിരിമറി പുറം ലോകമറിയുന്നത്. ദേശീയപാത നിർമാണത്തിന് വേണ്ടി ഒരുക്കിയ പ്ലാന്റിൽനിന്നാണ് റെഡിമിക്സ് സ്വകാര്യ കെട്ടിടത്തിന് മറിച്ചത്. അസംസ്കൃത സാധനങ്ങളും തൊഴിലാളികളെയും ദേശീയ പാത നിർമാണത്തിന് വിനിയോഗിക്കാതെ സ്വകാര്യ പ്രവൃത്തിക്ക് വിനിയോഗിക്കുന്നതാണ് പാത നിർമാണത്തിലെ മെല്ലെപ്പോക്കിന് ഇടയാക്കുന്നതെന്ന് ഇതോടെ വെളിച്ചെത്തായി.
സ്വകാര്യ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അസംസ്കൃത സാധനങ്ങൾ മറിച്ചുനൽകാൻ മേഖലയിൽ ഏജന്റുമാർ പ്രവർത്തിക്കുന്നതായും സൂചനയുണ്ട്. കമ്പനിയുമായി നിർമാണം നടത്തേണ്ട കെട്ടിടങ്ങളുമായി ബന്ധപ്പെട്ട് കരാറുറപ്പിക്കുന്നത് ഇത്തരം ഏജന്റുമാരാണ്.
അഴിയൂർ റീച്ചിൽ അടിപ്പാത, മേൽപാത, ഓവുചാലുകൾ ഉൾപ്പെടെയുള്ള പ്രവൃത്തിക്ക് പലയിടങ്ങളിലും റോഡ് ഉഴുതുമറിച്ചതല്ലാതെ മറ്റ് പ്രവൃത്തികൾ ഒന്നും നടക്കാത്ത സ്ഥിതിയാണുള്ളത്. കനത്ത മഴയിൽ തൊഴിലാളികൾ നാട് വിട്ടതാണ് നേരത്തെ പ്രവൃത്തി നിലക്കാനിടയാക്കിയതെന്നായിരുന്നു കരാർ കമ്പനിയുടെ വിശദീകരണം. എന്നാൽ, നിലവിലെ മെല്ലെപ്പോക്കിൽ അധികൃതർ മൗനംപാലിക്കുകയാണ്. ദേശീയപാതയിൽ ചീനംവീട് യു.പി സ്കൂൾ മുതൽ അരവിന്ദ്ഘോഷ് റോഡ് വരെയുള്ള ഭാഗം ഉയർത്തി കോൺക്രീറ്റ് ചെയ്ത് പുതിയ റോഡ് നിർമിച്ചതല്ലാതെ മറ്റിടങ്ങളിൽ പ്രവൃത്തി എങ്ങുമെത്താത്ത കാഴ്ചയാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.