വടകര: മടപ്പള്ളിയിൽ അടിപ്പാതയോട് മുഖം തിരിക്കുന്ന അധികൃതരുടെ സമീപനത്തിനെതിരെ സമര സമിതിയുടെ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ മടപ്പള്ളിയിൽ കൂട്ട നിരാഹാര സത്യഗ്രഹം നടക്കുമെന്ന് സമര സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
മടപ്പള്ളിയിൽ അടിപ്പാത നിർമിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടര വർഷക്കാലമായി മടപ്പള്ളിയിലെ ജനങ്ങൾ സമരമുഖത്താണ്. 1870 വിദ്യാർഥികളും 160 ഓളം അധ്യാപകരും അധ്യാപകേതര ജീവനക്കാരും ദിവസേന വന്നു പോകുന്ന മടപ്പള്ളി കോളജും ശനി, ഞായർ ദിവസങ്ങളിൽ ഓപൺ യൂനിവേഴ്സിറ്റി കോൺടാക്ട് ക്ലാസിന് വരുന്ന 2500 ഓളം വിദ്യാർഥികളും ഓരോ ആഴ്ചയിലും മടപ്പള്ളി കോളജിലേക്ക് വരേണ്ടതുണ്ട്.
മടപ്പള്ളി അറക്കൽ ക്ഷേത്രം, മടപ്പള്ളി കടപ്പുറത്ത് പുതിയമ്പലം, മടപ്പള്ളി മണക്കാട്ട് ഗണപതി ക്ഷേത്രം, മടപ്പള്ളി ജുമാമസ്ജിദ് തുടങ്ങിയ ആരാധനാലയങ്ങിലേക്കുള്ള പ്രധാന വഴിയും മടപ്പള്ളിയിലാണ്. ഏക കുടുംബാരോഗ്യ കേന്ദ്രമായ മടപ്പള്ളി ഡിസ്പെൻസറിയിലേക്ക് പോയി വരാൻ രോഗികൾ മൂന്നു കിലോമീറ്ററോളം ചുറ്റിക്കറങ്ങേണ്ടി വരും.
ഏറെക്കാലത്തെ പരിശ്രമ ഫലമായിട്ടാണ് റെയിൽവേ അണ്ടർ പാസ് മടപ്പള്ളിക്ക് അനുവദിച്ചു കിട്ടിയത്. കിഴക്കൻ പ്രദേശവുമായി വളരെയേറെ അടുത്തിടപഴകാൻ ഈ അടിപ്പാത കൊണ്ട് സാധിക്കുന്നുണ്ട്.
ഇത്രയേറെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളുള്ള മടപ്പള്ളിയിൽ അടിപ്പാത അനിവാര്യമാണ്. അടിപ്പാത ലഭിക്കുന്നത് വരെ മടപ്പള്ളിയിലെ ജനങ്ങൾ സമരവുമായി മുന്നോട്ട് പോകുമെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്ത സമ്മേളനത്തിൽ ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജിത്ത്, മനോജ് എം.ഇ, അനിൽ കക്കാട്ട്, കെ. ഭാസ്കരൻ,പി. സുരേഷ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.