വടകര: ദേശീയപാത പ്രവൃത്തിക്കിടെ സ്വകാര്യ കെട്ടിട നിർമാണത്തിന് കോൺക്രീറ്റ് മിക്സ് നൽകി സ്വകാര്യ കമ്പനിയായ വാഗഡ്. പെരുവാട്ടുംതാഴ ജങ്ഷനിൽ സ്ഥാപിച്ച കോൺക്രീറ്റ് മിക്സർ പ്ലാന്റിൽനിന്നാണ് റെഡിമിക്സ് കോൺക്രീറ്റ് സ്വകാര്യ വ്യക്തിയുടെ നിർമാണ പ്രവൃത്തിക്ക് നൽകിയത്. വ്യാഴാഴ്ച രാവിലെ പതിനൊന്നോടെയാണ് അഞ്ച് ലോഡ് കോൺക്രീറ്റ്, കോൺക്രീറ്റ് മിക്സർ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ പവർ ഓഫ് അറ്റോൺ എന്ന കെട്ടിടത്തിന്റ നിർമാണത്തിനായി എത്തിച്ചത്. അദാനി ഗ്രൂപ് ടെൻഡർ എടുത്ത ദേശീയപാത നിർമാണ പ്രവൃത്തി സബ് കോൺട്രാക്ട് നൽകിയ വാഗഡ് കമ്പനിയാണ് നിലവിൽ പ്രവൃത്തി നടത്തുന്നത്. പ്ലാന്റിൽനിന്നും മിക്സ് ചെയ്ത കോൺക്രീറ്റ് വാഗഡിന്റ ഉടമസ്ഥതതയിലുള്ള വാഹനത്തിലാണ് സ്വകാര്യ വ്യക്തിക്കായി എത്തിച്ചുനൽകിയത്.
ദേശീയപാതയുടെ വികസനത്തിനായി എത്തിച്ച സാധന സാമഗ്രികൾ സ്വകാര്യ വ്യക്തിക്ക് മറിച്ചു നൽകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. നാലു വാഹനത്തിലെത്തിച്ച കോൺക്രീറ്റ് സ്വകാര്യ വ്യക്തിയുടെ പ്രവൃത്തി നടക്കുന്ന സ്ഥലത്തേക്ക് മറ്റൊരു യന്ത്രമുപയോഗിച്ച് മാറ്റിയിരുന്നു. അഞ്ചാമത്തെ ലോഡ് എത്തിയതോടെ ലോഡ് ഇറക്കുന്നത് നാട്ടുകാർ തടഞ്ഞു. സ്ഥലത്തെത്തിയ അദാനി ഗ്രൂപ്പിന്റെയും വാഗഡ് കമ്പനിയുടെയും പ്രതിനിധികൾക്ക് കൃത്യമായ വിശദീകരണം നൽകാൻ കഴിയാതായതോടെ വാഹനത്തിൽനിന്നും കോൺക്രീറ്റ് ഇറക്കുന്നത് നാട്ടുകാർ നിർത്തിവെപ്പിച്ചു.
ദേശീയപാത നിർമാണ പ്രവൃത്തിക്ക് അദാനി ഗ്രൂപ്പാണ് പെരുവാട്ടും താഴയിൽ പ്ലാന്റ് സ്ഥാപിച്ചത്. വാഗഡ് കമ്പനിക്ക് പ്ലാന്റ് നടത്താൻ അനുമതിയില്ല. സിമന്റ് ഉൾപ്പെടെയുള്ള അസംസ്കൃത വസ്തുക്കൾ വാഗഡിന് എത്തിച്ചു നൽകുന്നത് അദാനി ഗ്രൂപ്പാണ്. പാലങ്ങളുടെ സ്ട്രക്ച്ചർ നിർമാണത്തിനും ഫ്ലൈ ഓവറുകളുടെ നിർമാണത്തിനുമായി നൽകിയ ഏറ്റവും കൂടിയ ഗ്രേഡിലുള്ള സിമന്റ് ഉപയോഗിച്ച് തയാറാക്കിയ കോൺക്രീറ്റ് മിക്സാണ് സ്വകാര്യ വ്യക്തിക്ക് വാഗഡ് മറിച്ചു നൽകിയതെന്ന് അദാനി ഗ്രൂപ്പിന്റെ പ്രതിനിധികൾ പറയുന്നു. കോൺക്രീറ്റ് നടക്കുന്ന ദിവസങ്ങൾ മുൻകൂട്ടി അദാനി ഗ്രൂപ്പിനെ വാഗഡ് അറിയിക്കാറുണ്ട്. എന്നാൽ, വ്യാഴാഴ്ച അത്തരത്തിൽ കോൺക്രീറ്റ് പ്രവൃത്തി നടക്കുന്നതായ വിവരം അദാനി ഗ്രൂപ്പിനെ അറിയിച്ചിട്ടില്ല. അനധികൃതമായി മറ്റൊരു വ്യക്തിയെകൊണ്ട് മിക്സിങ് പ്രവൃത്തി നടത്തുകയായിരുന്നെന്നും ഇവർ പറയുന്നു.
ബില്ലോ മറ്റ് രേഖകളോ ഇല്ലാതെ സ്വകാര്യ വ്യക്തിക്ക് 13 ലക്ഷം രൂപയുടെ മിക്സർ മറിച്ച് നൽകിയതായാണ് കണക്കാക്കുന്നത്. വാഗഡ് നിർമാണ പ്രവൃത്തി നടത്തുന്ന പയ്യോളി, തിക്കോടി ഭാഗങ്ങളിൽനിന്നും ദേശീയപാത നിർമാണത്തിനെത്തിച്ച അസംസ്കൃത വസ്തുക്കൾ കടത്തിക്കൊണ്ടുപോകുന്നതായ പരാതി നേരത്തേയുണ്ട്. ഇതിനിടെയാണ് വടകരയിൽ പകൽ കൊള്ള കൈയോടെ പിടികൂടിയത്. പ്ലാന്റ് ദേശീയപാത നിർമാണത്തിനായി ഉപയോഗിക്കണമെന്നും അവിടെയുള്ള ഒരു നിർമാണ വസ്തുക്കളും സ്വകാര്യ വ്യക്തികൾക്ക് കൈമാറാൻ അനുവദിക്കില്ലെന്നും നാട്ടുകാർ പറഞ്ഞു. നഗരസഭ ചെയർപേഴ്സൺ കെ.പി. ബിന്ദു, വൈസ് ചെയർമാൻ പി. സജീവ് കുമാർ, കൗൺസിലർമാരായ പി.കെ. സതീശൻ, ടി.കെ. പ്രഭാകരൻ തുടങ്ങിയവർ സ്ഥലത്തെത്തി. ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധവും നടന്നു.
‘ദേശീയപാത പ്രവൃത്തിയിലെ പകൽക്കൊള്ള അന്വേഷിക്കണം’
വടകര: ദേശീയപാത പ്രവൃത്തിയുടെ മറവിൽ നടക്കുന്ന കള്ളക്കച്ചവടങ്ങൾ സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ജനകീയമുന്നണി ആവശ്യപ്പെട്ടു. ദേശീയപാത നിർമാണത്തിനായി ഉപയോഗിക്കേണ്ട ഉപകരണങ്ങളും സാധനങ്ങളും സ്വകാര്യ നിർമാണത്തിന് ഉപയോഗിക്കുന്നത് പച്ചയായ നിയമലംഘനവും കൊള്ളയുമാണ്. കൊള്ള നടത്തുന്ന സ്ഥാപനത്തിന്റെ കരാർ റദ്ദ് ചെയ്യണമെന്നും ഇതിനുപിന്നിൽ ഒത്താശ ചെയ്തുകൊടുക്കുന്ന ഉദ്യോഗസ്ഥരുണ്ടെങ്കിൽ അവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
ആർ.എം.പി.ഐ വടകര ഏരിയ സെക്രട്ടറി പി.എം. വിനു, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി.കെ. പ്രേമൻ, ആർ. റിജു, ഇ.കെ. പ്രദീപ്കുമാർ, പി. മനോജ്കുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.