വടകര: ട്രെയിൻ യാത്രാദുരിതം പരിഹരിക്കാൻ നടപടികളുണ്ടാവുമെന്ന റെയിൽവേയുടെ ഉറപ്പ് പാഴ് വാക്കാകുന്നു. യാത്രാദുരിതത്തിന് അറുതിയില്ല. തിരക്ക് വർധിച്ചതോടെ ട്രെയിനിൽ നിന്നുതിരിയാനിടമില്ല. ദേശീയപാത നിർമാണത്തിന്റെ ഭാഗമായി ഗതാഗതക്കുരുക്ക് രൂക്ഷമായതിനാൽ യാത്രക്കാർ പ്രധാനമായും ട്രെയിനിനെയാണ് ആശ്രയിക്കുന്നത്. സീസൺ ടിക്കറ്റുകാർക്ക് പുറമെ രാവിലെ പരശുറാമിനും വൈകീട്ട് നേത്രാവതിക്കും യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനയാണ് ഉണ്ടായിട്ടുള്ളത്.
യാത്രക്കാരുടെ എണ്ണം ക്രമാതീതമായി വർധിച്ചതിനാൽ ട്രെയിനുകളിൽ യാത്രക്കാർ അപകടകരമായാണ് യാത്ര ചെയ്യുന്നത്. വാതിൽപടിയിൽ തൂങ്ങിപ്പിടിച്ചുള്ള യാത്ര നെഞ്ചിടിപ്പിക്കുന്ന കാഴ്ചയാണ്.
റെയിൽവേ പൊലീസും ടി.ടി.ഇയുമടക്കമെത്തി യാത്ര നിരുത്സാഹപ്പെടുത്തിയിട്ടും യാത്രക്കാർ പിന്മാറാത്ത സ്ഥിതിയുമുണ്ട്. യാത്രക്കാരുടെ തിരക്കിന് പരിഹാരമുണ്ടാക്കാൻ എം.പി, എം.എൽ.എ അടക്കം അധികൃതർക്ക് പരാതി നൽകിയിട്ടും അധിക കോച്ചോ പ്രത്യേക ട്രെയിനോ അനുവദിക്കാൻ റെയിൽവേയുടെ ഭാഗത്തുനിന്ന് നടപടികളുണ്ടാവുന്നില്ല. ക്രിസ്മസ് അവധികൂടി ആയതോടെ പതിവിലും യാത്രക്കാരുടെ എണ്ണം കൂടിയിട്ടുണ്ട്.
ദേശീയപാത നിർമാണം പൂർത്തിയായി ഗതാഗതം പൂർവസ്ഥിതിയിലാകാൻ കാലങ്ങളെടുക്കുമെന്നാണ് നിലവിലെ സ്ഥിതി വെച്ചുനോക്കുമ്പോൾ കാണാൻ കഴിയുന്നത്. പലയിടത്തും പാതനിർമാണം പാതിവഴിയിലാണ്. പുതിയ കോച്ചുകൾ അനുവദിക്കാൻ മാർച്ചുവരെ കാത്തിരിക്കണമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. എന്നാൽ, മുടന്തൻ ന്യായം പറഞ്ഞ് ആവശ്യം അവഗണിക്കപ്പെടുന്നതിൽ പ്രതിഷേധം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.