വടകര: കെ.എസ്.ഇ.ബി അഴിയൂർ സെക്ഷനിൽ സ്വന്തമായി ഫീഡറില്ലാത്തതിനെ തുടർന്ന് വൈദ്യുതി മുടക്കം പതിവാകുന്നു. ഫീഡർ വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. എന്നാൽ, ഇതിനുള്ള നടപടിക്രമങ്ങൾ ഇഴഞ്ഞുനീങ്ങുകയാണ്. ഓർക്കാട്ടേരിയിൽ 220 കെ.വി സബ്സ്റ്റേഷൻ വന്നതോടെ അഴിയൂർ സെക്ഷനിലും ഫീഡറിനുള്ള നടപടിക്രമങ്ങൾ തുടങ്ങിയിരുന്നു. പിന്നീട് കാര്യങ്ങൾ ഫയലിൽ ഒതുങ്ങി. അഴിയൂരിന് ലഭിക്കേണ്ട ഫീഡർ മുട്ടുങ്ങൽ സെക്ഷനിലേക്ക് മാറ്റിയതായും പരാതിയുണ്ട്. മേഖലയിൽ മഴയൊന്ന് ചാറിയാൽ വൈദ്യുതി നിലക്കുന്ന അവസ്ഥയാണ്. കഴിഞ്ഞദിവസങ്ങളിൽ ചെറിയ മഴയത്ത് വൈദ്യുതി മുടങ്ങി. നിരവധി തവണ പരാതികൾ നൽകിയിട്ടും പരിഹാരമുണ്ടായില്ല.
വൈദ്യുതിയുടെ ഒളിച്ചുകളി ഗാർഹിക ഉപഭോക്താക്കളെയും ചെറുകിട വ്യവസായത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. സർക്കാർ ഓഫിസുകളെയും ബാങ്കുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളെയും വൈദ്യുതിയുടെ ഒളിച്ചുകളി ബാധിച്ചിട്ടുണ്ട്. അഴിയൂരിൽ ഫീഡറടക്കം സ്ഥാപിച്ച് വൈദ്യുതി വിതരണം കാര്യക്ഷമമാക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ, താലൂക്ക് വികസന സമിതി അംഗം പ്രദീപ് ചോമ്പാല, അഴിയൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി. ബാബുരാജ്, മുസ്ലിം ലീഗ് ജില്ല കൗൺസിൽ അംഗം ഹാരിസ് മുക്കാളി, ആർ.എം.പി ഒഞ്ചിയം ഏരിയ കമ്മിറ്റി അംഗം സി. സുഗതൻ എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.