വടകര: സുരക്ഷ ഭിത്തി ഒരുക്കാതെ ദേശീയപാത നിർമാണം ദേശീയ പാത അപകടക്കുരുക്കാകുന്നു. വാഹനങ്ങൾ കുതിച്ചോടുന്ന ദേശീയപാതയിൽ സുരക്ഷ ഭിത്തി ഒരുക്കാതെയാണ് പലയിടത്തും നിർമാണം നടക്കുന്നത്. ചൊവ്വാഴ്ച മടപ്പള്ളി കോളജ് സ്റ്റോപ്പിന് സമീപം ടെമ്പോ ട്രാവലർ മറിഞ്ഞ് ഒരാൾ മരിക്കുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ കോട്ടയം പാലായിൽ നിന്നും വരുകയായിരുന്ന കുടുംബമാണ് അപകടത്തിൽപെട്ടത്. ട്രാവലർ 20 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ഈ ഭാഗത്ത് കാടുമൂടിക്കിടക്കുന്നതിനാൽ നേരത്തേ ഉണ്ടായിരുന്ന സുരക്ഷ ഭിത്തികൾ കാണാനില്ല. ഒന്നിലധികം വാഹനങ്ങൾ മറികടക്കാൻ ശ്രമിക്കുമ്പോൾ ഇവിടങ്ങളിൽ അപകടം ഉറപ്പാണ്.
മീത്തലെ മുക്കാളി ഭാഗത്താണ് റോഡ് വൻ തോതിൽ കുഴിച്ച് മണ്ണുനീക്കിയത് ഇവിടങ്ങളിൽ പല ഭാഗത്തായി പേരിന് മാത്രമാണ് സുരക്ഷ ഭിത്തി ഒരുക്കിയത്. അഴിയൂർ റീച്ചിൽ നിർമാണപ്രവർത്തനങ്ങൾ ത്വരിതഗതിയിൽ പുരോഗമിക്കുകയാണ്. വേണ്ടത്ര സുരക്ഷയൊരുക്കി നിർമാണപ്രവർത്തനങ്ങൾ നടത്തിയില്ലെങ്കിൽ അപകടം ക്ഷണിച്ച് വരുത്തും. മടപ്പള്ളി കോളജിനടുത്തുണ്ടായ അപകടത്തിൽ അഗ്നിരക്ഷ സേന കുതിച്ചെത്തി പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റിയതിനാലാണ് പലരും രക്ഷപ്പെട്ടത്.
അഗ്നിരക്ഷ സേനയുടെ രണ്ട് വാഹനങ്ങളിലും ആംബുലൻസിലുമായി പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റാനായി. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ കെ.ടി. രാജീവൻ നേതൃത്വത്തിൽ ഫയർ റെസ്ക്യൂ ഓഫിസർമാരായ കെ. സുബൈർ, ജൈസൽ, വി.കെ. ആദർശ്, കെ. ജാഹിർ, സാഹിർ, അമൽരാജ്, സാരംഗ്, അർജുൻ ഹോം ഗാർഡ് സത്യൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.