വടകര: ഒരു വർഷമായി നീതിനിഷേധത്തിന്റെ ഇരയായി ജയിലിനകത്തായ ഫിറോസിന്റെ മടങ്ങിവരവ് പ്രതീക്ഷിച്ച് കുടുംബം. ഉത്തർപ്രദേശ് ജയിലിൽ കഴിയുന്ന വടകര പുതുപ്പണം സ്വദേശി ഫിറോസിനെ(46)യും കാത്താണ് ഭാര്യ സൗജത്തും നാല് പിഞ്ചു മക്കളും ഉമ്മയും ദിവസങ്ങൾ തള്ളി കണ്ണീരിൽ കഴിയുന്നത്.
2021 ഫെബ്രുവരി 11നാണ് ഡൽഹിയിലേക്കുള്ള യാത്രക്കിടെ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഓർഗനൈസിങ് സെക്രട്ടറി പന്തളം ചേരിക്കൽ നസീമ മൻസിലിൽ അൻഷാദ് ബദറുദ്ദീനൊപ്പം ദേശീയ വികസന സമിതി അംഗമായ ഫിറോസ് ഡൽഹി റെയിൽവെ സ്റ്റേഷനിൽവെച്ച് അറസ്റ്റിലായത്. ലഖ്നോ ജയിലിലേക്ക് മാറ്റിയ രണ്ട് പേർക്കും ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല. രാജ്യദ്രോഹ കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയത്. അൻഷാദിനെ കാണാൻ പോയ മാതാവ് നസീമയെയും ഭാര്യ മുഹ്സിനയെയും മക്കളെയും ആർ.ടി.പി.സി.ആർ പരിശോധന ഫലം വ്യാജമെന്ന് പറഞ്ഞ് ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത് 31 ദിവസം ജയിലിലാക്കി.
ഇവരുടെ തിരിച്ച് വരവിന് ശേഷം ഫിറോസിനെ കുറിച്ചും കുടുംബത്തിന് ഒരു വിവരവും ലഭിച്ചിട്ടില്ല. അറസ്റ്റിലായ സമയത്ത് ക്രൂരപീഡനങ്ങൾക്ക് ഇരയാക്കിയതായി കുടുംബം ആരോപിച്ചിരുന്നു. ഇതോടെ രണ്ടു പേരെയും മാധ്യമങ്ങൾക്ക് മുമ്പിൽ പൊലീസ് പ്രദർശിപ്പിച്ചു. സംസ്ഥാനത്തിനു പുറത്തുള്ള കേസായതിനാൽ സംസ്ഥാന സർക്കാറും ഇവരുടെ പരാതിക്കു മുന്നിൽ കൈമലർത്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.