വടകര: ബി.ജെ.പി ജില്ല നേതൃത്വത്തിന്റെ നടപടിയിൽ അതൃപ്തിയുമായി സേവ് ബി.ജെ.പി ലഘുലേഖ. സേവ് ബി.ജെ.പി ഫോറത്തിന്റെ പേരിലാണ് ലഘുലേഖ പ്രചരിക്കുന്നത്. കാലാകാലങ്ങളായി പാർട്ടിക്കുവേണ്ടി പ്രവർത്തിച്ച് എതിർ പാർട്ടികളുടെ ഭീഷണിയിൽ ജീവനും സ്വത്തിനും അക്രമങ്ങൾ നേരിടേണ്ടി വന്ന പ്രവർത്തകരാണ് സേവ് ബി.ജെ.പി ഫോറവുമായി രംഗത്തിറങ്ങുന്നതെന്ന് ലഘുലേഖയിൽ പറയുന്നു.
ഏറെ സമയവും പാർട്ടിക്ക് വേണ്ടി ജോലിചെയ്ത പ്രവർത്തകരേക്കാൾ ജില്ല നേതൃത്വത്തിന് കൂറ് ‘ഇന്നലത്തെ മഴക്ക് ഇന്ന് മുളച്ച കുമിളകളോടാണോ അതോ പാർട്ടി ജില്ല അധ്യക്ഷന്റെ പിടിപ്പ് കേടോ’ എന്ന തലകെട്ടിൽ ലഘുലേഖ സേവ് ബി.ജെ.പി ഫോറത്തിന്റെ പേരിലാണ് ഇറങ്ങിയത്.
പ്രസ്ഥാനത്തിനുവേണ്ടി അഹോരാത്രം പ്രയത്നിച്ച ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള നിരവധി യുവാക്കൾ വടകരയിൽ ഉണ്ടായിട്ടും, പാർട്ടിയിൽ മിസ്ഡ്കാൾ മെംബർഷിപ് മാത്രമുള്ള ഉയർന്ന സാമ്പത്തിക ശേഷിയുള്ള വ്യക്തിയും ആർ.എസ്.എസിന്റെ ആദർശം പറയുന്ന ഉയർന്ന നേതാവിന്റെ മകനും രാജ്യസഭ എം.പി.യുടെ പി.എ ആയതെങ്ങനെ ?
പല പദ്ധതികളുടെ പേരിലും ജനങ്ങളുടെ കൈയിൽനിന്നും പണം വാങ്ങി കള്ളത്തരം കാണിച്ച് പുറത്തുപോയവർ ഇപ്പോഴും ഉന്നത നേതൃത്വ സ്ഥാനത്ത് ഇരിക്കുന്നത് ആരുടെ അറിവോടെയാണെന്നും ലഘുലേഖയിൽ പറയുന്നു.
ജാതിമത വർഗീയ പണാധിപത്യം ഒഴിച്ച് നിർത്തിയാൽ ഈ പ്രസ്ഥാനം ഭാരതീയ ജനത പാർട്ടിയായി നിലനിൽക്കുമെന്നും ഇല്ലെങ്കിൽ കേരള ജനത പാർട്ടിയായി അധഃപതിക്കുമെന്നും പാർട്ടി സംസ്ഥാന ജില്ല നേതാക്കളുടെ സ്വന്തം നാടായിട്ടു പോലും തലപ്പത്തിരിക്കുന്നവർ എന്തുകൊണ്ട് ഈ വിഷയം പ്രാധാന്യത്തോടെ കാണാത്തതെന്നും ലഘുലേഖ ചോദിക്കുന്നു. പാർട്ടിയിൽ കാലങ്ങളായി നിലനിൽക്കുന്ന അസ്വാരസ്യം ലഘുലേഖയിലൂടെ പുറത്തുവന്നതെന്നാണ് വിലയിരുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.