വടകര: ദേശീയപാതയിൽ അപകടങ്ങൾ ഒഴിയുന്നില്ല. മൂന്നിടങ്ങളിലുണ്ടായ അപകടങ്ങളിൽ ദേശീയപാത സ്തംഭിച്ചു. ശനിയാഴ്ച പുലർച്ചയോടെയാണ് ആദ്യ അപകടം. അഴിയൂർ അണ്ടിക്കമ്പനിക്ക് സമീപം നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി പാതയോരത്തേക്ക് ഇടിച്ചുകയറി. അപകടത്തിൽ ആർക്കും പരിക്കില്ല. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന സമയത്താണ് നിയന്ത്രണം വിട്ടത്. അപകടത്തെ തുടർന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. രാവിലെ ക്രെയിൻ ഉപയോഗിച്ചാണ് വാഹനം മാറ്റി ഗതാഗതം സുഗമമാക്കിയത്.
രാവിലെ ഒമ്പതു മണിയോടെ മടപ്പള്ളി കോളജിനടുത്ത് ടിപ്പർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. ലോറി തലകീഴായി മറിഞ്ഞെങ്കിലും ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തൊട്ടടുത്ത സ്റ്റോപ്പിൽ നാദാപുരം റോഡിൽ ഓട്ടോയെ വെട്ടിച്ച ടിപ്പർ ലോറി ദേശീയപാതയിൽ നിന്നും റോഡിന് പുറത്തേക്ക് തെന്നിമാറുകയുണ്ടായി. എതിരെ വന്ന വാഹനത്തിലിടിക്കാത്തതുകാരണം അപകടം ഒഴിവായി.
മടപ്പള്ളി കോളജ് ബസ് സ്റ്റോപ്പിന് സമീപം കഴിഞ്ഞ ദിവസം ടെമ്പോ ട്രാവലർ താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിക്കുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അപകട സ്ഥലത്തിന് ഏതാണ്ട് അടുത്താണ് ടിപ്പർ തലകീഴായി മറിഞ്ഞത്. അപകടങ്ങൾക്കിടയാക്കിയത് അമിത വേഗതയാണെന്ന് നാട്ടുകാർ പറഞ്ഞു. ദേശീയപാത നിർമാണത്തിന്റ ഭാഗമായി ഉഴുതുമറിച്ച ഭാഗങ്ങളിലൂടെയടക്കം വാഹനങ്ങൾ കുതിച്ചോടുന്നത് അപകടം ക്ഷണിച്ചുവരുത്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.